Connect with us

National

സൗജന്യ ലാപ്‌ടോപ് വിതരണം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് മുലായം

Published

|

Last Updated

ഭോപാല്‍: സൗജന്യ ലാപ്‌ടോപ് വിതരണ പദ്ധതിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണമായതെന്ന് പാര്‍ട്ടി പ്രസിഡണ്ട് മുലായം സിംഗ് യാദവ്. പാര്‍ട്ടി വനിതാ വിഭാഗത്തിന്റെ ദേശീയ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്യവെയാണ് മുലായത്തിന്റെ ഈ അഭിപ്രായ പ്രകടനം.
“പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതിന് ഞാന്‍ എല്ലായ്‌പോഴും എതിരായിരുന്നു”- മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഞെട്ടിച്ചുകൊണ്ട് മുലായം പറഞ്ഞു. “നാം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. അതേ ലാപ്‌ടോപ്പുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങള്‍ കേട്ടു. അവര്‍ക്ക് അത് ബോധ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ നമ്മള്‍ തോല്‍ക്കുകയും ചെയ്തു”- സമാജ് വാദി പാര്‍ട്ടി നേതാവ് പറഞ്ഞു. കനൂജ് എം പിയും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവിനെ വേദിയിലിരുത്തിയായിരുന്നു മുലായത്തിന്റെ പ്രസംഗം.
2012ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് അഖിലേഷ് യാദവ് സൗജന്യ ലാപ്‌ടോപ്പുകള്‍ വാഗ്ദാനം ചെയ്തിരുന്നു. അവസാനത്തെ രണ്ട് വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 27 ലക്ഷം ലാപ്‌ടേപ്പുകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്തുവെന്നും മുലായം പറഞ്ഞു.
ലാപ്‌ടോപ്പ് വിതരണം തന്റെ സര്‍ക്കാറിന്റെ പ്രധാന നേട്ടമായാണ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ പദ്ധതി അവസാനിപ്പിച്ചുവെന്നും മുലായം കൂട്ടിച്ചേര്‍ത്തു.
സമാജ്‌വാദി പാര്‍ട്ടിക്ക് അന്ന് 22 സീറ്റുകളുണ്ടായിരുന്നു. ഈ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റേ ലഭിച്ചുള്ളു. എന്നാല്‍ ബി ജെ പി ഉത്തര്‍ പ്രദേശിലെ 80 സീറ്റില്‍ 71 എണ്ണവും നേടിയെന്ന് മുലായം പറഞ്ഞു.

Latest