Connect with us

Kerala

മാണിയും കോണിയും വേണ്ടെന്ന് പറയാന്‍ സി പി ഐ മുതിരേണ്ടെതില്ലെന്ന് മുസ്‌ലിം ലീഗ്

Published

|

Last Updated

കോഴിക്കോട്: മാണിയും കോണിയും വേണ്ടെന്ന് പറയാന്‍ എല്‍ ഡി എഫിലെ വേലക്കാരായ സി പി ഐ മുതിരേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. അതിന് അധികാരം യജമാനനായ സി പി എമ്മിന് മാത്രമാണുള്ളത്. മുന്നണിമാറ്റത്തെക്കുറിച്ച് സി പി എം പറയുമ്പോള്‍ മറുപടി പറയാം. നിലവിലെ സാഹചര്യത്തില്‍ ലീഗിന് യു ഡി എഫ് മുന്നണി വിടേണ്ട ആവശ്യമില്ല. മുന്നണിയിലെ പ്രധാന കക്ഷികളിലൊരാളാണ് ലീഗ്. പന്ന്യന്‍ രവീന്ദ്രന്റെ പാര്‍ട്ടി അധികാരത്തിലെത്തിയത് കോണികയറിയിട്ടാണെന്ന കാര്യം മറക്കരുതെന്നും മജീദ് ഓര്‍മിപ്പിച്ചു. മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ എം മാണിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമായ തെളിവ് കൊണ്ടുവരണം. ഇപ്പോള്‍ നടക്കുന്നത് മാണിക്കെതിരായ ഗൂഢാലോചനയാണ്. മാണിയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയപരമായും നേരിടും. ഇടതുമുന്നണി സമരം നടത്തുന്നത് ബാര്‍ മുതലാളിമാരെ സഹായിക്കാനാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ലീഗ് തുടക്കം കുറിക്കും. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മുന്നണി കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അഭിപ്രായ ഭിന്നതകള്‍ ഒഴിവാക്കി ഒന്നിച്ച് നില്‍ക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം യു ഡി എഫിനോട് ആവശ്യപ്പെട്ടു.
അടുത്ത മുന്നണി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിക്കും. യു ഡി എഫ് ഭരണത്തില്‍ പഞ്ചായത്തുകളുടെ വികസന കാര്യത്തില്‍ നേട്ടമുണ്ടായി എന്നാണ് വിലയിരുത്തുന്നത്.

Latest