എസ് വൈ എസ് വാര്‍ഷികം: ജില്ലാ സമാഗമം 19ന് കാസര്‍കോട്ട്

Posted on: November 17, 2014 5:16 am | Last updated: November 16, 2014 at 9:10 pm

കാസര്‍കോട്: എസ് വൈ എസ് 60-ാം വാര്‍ഷിക ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ സ്വഫ്‌വ സമാഗമം 19ന് കാസര്‍കോട്ട് നടക്കും. സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശം സമൂഹമധ്യേ ഉത്‌ഘോഷിച്ച് സമ്മേളന പദ്ധതികളുടെ നേതൃത്വത്തിന് സുസജ്ജമായ സ്വഫ്‌വ വളണ്ടിയര്‍ വിംഗിന്റെ സര്‍ക്കിള്‍ ചീഫുമാരാണ് സമാഗമം ക്യാമ്പ് പ്രതിനിധികള്‍.
ജില്ലയിലെ 40 സര്‍ക്കിളുകളില്‍ നിന്ന് തിരഞ്ഞെടുത്ത സ്വഫ്‌വ ചീഫുമാരാണ് സമാഗമത്തില്‍ സംബന്ധിക്കുന്നത്. 19ന് വൈകിട്ട് ജില്ലാ സുന്നിസെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാഗമം ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനംചെയ്യും. സ്വഫ്‌വ സംസ്ഥാന കണ്‍വീനര്‍ മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തും. സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സമ്മേളന കര്‍മപദ്ധതികളുടെ വിപുലമായ പ്രചാരവാഹകരായ സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍, സിയാറത്ത് യാത്രകള്‍, മിന്നല്‍ പ്രകടനങ്ങള്‍, റോഡ് മാര്‍ച്ച്, ഗുരുവിനൊപ്പം, കൃഷിത്തോട്ടം, ജനസമ്പര്‍ക്കം, ജലയാത്ര, പടയൊരുക്കം, ഇഖ്ദാം തുടങ്ങിയ വിവിധ പദ്ധതികള്‍ നടക്കും. സംസ്ഥാന ഇ സി സംഘടിപ്പിക്കുന്ന ഹൈവേ മാര്‍ച്ചിന് തിരഞ്ഞെടുത്ത സ്വഫ്‌വ അംഗങ്ങളുടെ അകമ്പടിയുണ്ടാകും.
കാസര്‍കോട്ട് നടക്കുന്ന സമാഗമം ക്യാമ്പില്‍ ജില്ലയിലെ 33 സര്‍ക്കിളുകളിലെ സ്വഫ്‌വ വളണ്ടിയര്‍മാര്‍ക്കുള്ള യൂണിഫോം വിതരണം ചെയ്യും. തുടര്‍ പദ്ധതികള്‍ക്ക് യോഗം അന്തിമരൂപം നല്‍കും.