Connect with us

Wayanad

വിജ്ഞാന വിസ്‌ഫോടത്തിന് ഇ-സാക്ഷരതാ യജ്ഞം ചരിത്രമെഴുതും

Published

|

Last Updated

കല്‍പ്പറ്റ: വിജ്ഞാന വിസ്‌ഫോടനം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ യജ്ഞത്തിലൂടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നതെന്ന് പി.എന്‍.പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇ-സാക്ഷരതാ യജ്ഞം സംബന്ധിച്ച ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മാനന്തവാടി, വെള്ളമുണ്ട, പുല്‍പ്പള്ളി, മീനങ്ങാടി, വൈത്തിരി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍. പ്രസ്തുത പഞ്ചായത്തിലെ 20 നും 75 നുമിടയില്‍ പ്രായമുള്ള മുഴുവന്‍ വ്യക്തികളെയും നൂറ് ദിവസം കൊണ്ട് ഇ-സാക്ഷരരാക്കുകയാണ് ലക്ഷ്യം.ഒരു പഞ്ചായത്തില്‍ ആറ് ലക്ഷം രൂപയാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടായിരിക്കും. രണ്ട് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ സ്‌പെഷ്യല്‍ പ്ലാന്‍ ഫണ്ടായി വകയിരുത്തിയിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് ലക്ഷം രൂപ കേന്ദ്ര സഹായത്തോടെ പി.എന്‍. പണിക്കര്‍ ഫണ്ടേഷന്‍ ലഭ്യമാക്കും. ഇതിന്റെ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വീതം ഏഴ് പഞ്ചായത്തുകള്‍ക്ക് ചടങ്ങില്‍ വിതരണം ചെയ്തു.
ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് പരിശീലനം നടത്തുക. പഞ്ചായത്തുകളില്‍ വാര്‍ഡ് ഒന്നിന് ഒരു ടാബ്‌ലെറ്റ് വീതം കെല്‍ട്രോണില്‍ നിന്നും വാങ്ങിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യുവജനങ്ങളെ വാര്‍ഡ്തലത്തില്‍ കണ്ടെത്തി ഇവര്‍ക്ക് ഇന്റലിന്റെ സഹായത്തോടെ പ്രത്യേക പരിശീലനം നല്‍കും. മൂന്ന് തലത്തിലുള്ള പരിശിലനമാണ് ഇ-സാക്ഷരതാ യജ്ഞത്തില്‍ ഉണ്ടാവുക. എല്‍1, എല്‍2, എല്‍3 എന്നിങ്ങനെയാണ് തലങ്ങള്‍. എല്‍1 ന് 10 മണിക്കൂറും എല്‍2 വിന് 40 മണിക്കൂറും എല്‍3 ക്ക് 80 മണിക്കൂറുമാണ് പരിശീലന സമയം. ഇ-മെയില്‍ ഉപയോഗിക്കാനുള്ള അടിസ്ഥാന വിവരങ്ങള്‍ പഠിപ്പിക്കുന്ന എല്‍1 തലം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഇ-സാക്ഷരരായി കണക്കാക്കും. ഈ തലത്തിലുള്ള പരിശീലനം സൗജന്യമാണ്. തുടര്‍ന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് എല്‍2 തലത്തിലും എല്‍3 തലത്തിലും പരിശീലനം നേടാം. ഈ രണ്ട് തലങ്ങളിലും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഡിസംബര്‍ ആദ്യവാരം തന്നെ പഞ്ചായത്തുകളില്‍ സംഘാടക സമിതികള്‍ ചേരണമെന്നും എന്‍.ബാലഗോപാല്‍ പറഞ്ഞു.