പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിനവകാശപ്പെട്ട വെള്ളം നഷ്ടപ്പെടുന്നു

Posted on: November 16, 2014 5:38 am | Last updated: November 15, 2014 at 11:40 pm

parambikkulam aliyarപാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ അന്തര്‍സംസ്ഥാന നദീജല കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നഷ്ടപ്പെടുന്നു. കഴിഞ്ഞ ദിവസം പാലക്കാട്ട് വെച്ച് ഇരുസംസ്ഥാനങ്ങളുടേയും ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ കേരളത്തിന് 7.25 ടി എം സി വെള്ളം നല്‍കുവാന്‍ തമിഴ്‌നാട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കരാര്‍ പ്രകാരം 30 വര്‍ഷം ലഭിച്ച വെള്ളത്തിന്റെ ശരാശരി എടുത്ത് അതില്‍ അനുപാതം കണക്കാക്കിയാണ് ഇരു സംസ്ഥാനങ്ങളും വെള്ളം എടുക്കേണ്ടത്.
അപ്രകാരം കഴിഞ്ഞ 30 വര്‍ഷത്തെ ശരാശരി വെള്ളത്തിന്റെ അനുപാതം കണക്കാക്കിയാല്‍ കേരളത്തിന്റെ വിഹിതം 12.5 ടി എം സിയാണ്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലും 7.25 ടി എം സിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് തമിഴ്‌നാട് അംഗീകരിക്കുന്നതോടെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 12.5 ടി എം സി ജലം ആവശ്യപ്പെടുവാനുള്ള അവകാശം കൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്കൊപ്പം ജില്ലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും വഴിയൊരുക്കും.
അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട’രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നദീജലപ്രശ്‌നത്തില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള നിലപാടുകള്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവെന്നാണ് ആരോപണം. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ അന്തര്‍സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നേടിയെടുക്കാനുള്ള അവകാശമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് മുന്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ട ി പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിലപാട് ജനദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു.