ചരിത്ര പഠനത്തിനായി സംസ്ഥാനത്ത് സര്‍വകലാശാല ആരംഭിക്കണം: എം ജി എസ്

Posted on: November 15, 2014 10:15 am | Last updated: November 15, 2014 at 10:15 am

കോഴിക്കോട്: ചരിത്ര പഠനത്തിനായി സംസ്ഥാനത്ത് സര്‍വകലാശാല ആരംഭിക്കണമെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. കോഴിക്കോട് പ്രോവിഡന്‍സ് കോളജില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര കേരള ചരിത്ര സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര ഗവേഷകരും ചരിത്ര പഠനവും ധാരാളമുണ്ടെങ്കിലും ഇതിനു മാത്രമായി കേരളത്തില്‍ ഒരു സര്‍വകലാശാല നിലവിലില്ല. നിരവധി ഐതിഹ്യങ്ങള്‍ നിറഞ്ഞ, ചരിത്രം ഉറങ്ങുന്ന കേരളത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. തമിഴ്‌നാട്ടിലെ കാരൂര്‍ മുതല്‍ മംഗലാപുരം വരെ കേരള ചരിത്രം വ്യാപിച്ചുകിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സ് ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. മാര്‍ഗരറ്റ് ഫ്രണ്ട്‌സ് ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ആറാം തലമുറയില്‍പെടുന്നയാളാണ് ഇദ്ദേഹം. കേരള ചരിത്രത്തെക്കുറിച്ച് താന്‍ ഗവേഷണം നടത്തിയിട്ടുണ്ടെന്നും മാര്‍ഗരറ്റ് ഫ്രണ്ട്‌സ് പറഞ്ഞു.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രചിച്ച മലയാള വ്യാകരണം, കേരള പഴമ, കേരളോത്പത്തി, പഴംചൊല്ലുകള്‍ എന്നീ പുസ്തകങ്ങള്‍ എം ജി എസ് നാരായണന്‍ മാര്‍ഗരറ്റ് ഫ്രണ്ട്‌സിന് കൈമാറി. കാലടി ശങ്കരാചാര്യ യൂനിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റ് മുന്‍ മലയാള വിഭാഗം മേധാവി സ്‌കറിയ സഖറിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മകളും ഡല്‍ഹി സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസറുമായ ഉപീന്ദര്‍ സിംഗ്, പ്രോവിഡന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എ സി നീത, കേരള ഹിസ്റ്ററി കോണ്‍ഫറന്‍സ് പ്രസിഡന്റ് പ്രൊഫ. കെ ഗോപാലന്‍കുട്ടി, പ്രൊഫ. ഡോ. പി പ്രിയദര്‍ശിനി, ഡോ. മിനി ബാലകൃഷ്ണന്‍, വില്‍മ ജോണ്‍, ലിജി ജാസ്മിന്‍, എം ആര്‍ രാഘവ വാരിയര്‍, രാജന്‍ ഗുരുക്കള്‍, കേശവന്‍ വെളുത്താട്ട്, വി ശശികുമാര്‍, ഇ ശ്രീജിത്ത്, അജിത്ത് ശ്രീധര്‍ പ്രസംഗിച്ചു.