Connect with us

Palakkad

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

പാലക്കാട്: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 17, 18, 19 തീയതികളില്‍ അനങ്ങനടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, ജനറല്‍ കണ്‍വീനറായ ഡി ഡി ഇ എ.അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി. മേളകള്‍ അനങ്ങനടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പനമണ്ണ എ.യു.പി സ്‌കൂളിലും അനങ്ങനടി മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പാലേക്കാട് മദ്രസ്സാ ഹാളിലുമാണ് നടത്തുന്നത്. ശാസ്‌ത്രോത്സവത്തിന് 17 ന് രാവിലെ 8.30 ന് ഡി ഡി ഇ പതാക ഉയര്‍ത്തും. രാവിലെ 10 ന് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും.
കെ എസ് സലീഖ എം എല്‍ എ അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ എം ഹംസ, അഡ്വ. എന്‍ ഷംസുദ്ദീന്‍, മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ എം കെ വെങ്കിടകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാവിലെ ഒമ്പതിന് ശാസ്ത്രനാടകം അരങ്ങേറും. 274 ഇനങ്ങളിലായി 12 ഉപ ജില്ലകളിലെ 7000 കുട്ടികള്‍ മാറ്റുരക്കും.
ശാസ്ത്രമേളയില്‍ 15 ഇനങ്ങളും ഗണിതശാസ്ത്രമേളയില്‍ 31 സാമൂഹ്യശാസ്ത്രം 28, പ്രവൃത്തി പരിചയ പ്രദര്‍ശനമത്സരം 90, പ്രവൃത്തി പരിചയം തത്സമയം 120 ഇനങ്ങളിലാണ് മത്സരം. ഈ വര്‍ഷം ആര്‍ എം എസ് എ പവലിയനില്‍ ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയുടെ വിജയികളുടെ ഉല്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.
പതിനെഴിന് അനങ്ങനടി എച്ച് എസ് എസില്‍ സാമൂഹ്യ ശാസ്ത്രമേളയില്‍ ക്വിസ്, പ്രസംഗം, പ്രാദേശിക ചരിത്രരചന, അറ്റ്‌ലസ് നിര്‍മ്മാണ മത്സരങ്ങള്‍ നടക്കും. ഗണിതശാസ്ത്രമേളയിലെ മുഴുവന്‍ ഇനങ്ങളും രാവിലെ ഒമ്പതിന് പ്രദര്‍ശിപ്പിക്കും. ഒമ്പതിന് ഹൈസ്‌ക്കൂള്‍ വിഭാഗം ശാസ്ത്രനാടകം ആരംഭിക്കും. ഐ ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിങ്, മലയാളം ടൈപ്പിങ് മത്സരങ്ങള്‍ നടക്കും. പനമണ്ണ എ യു പി സ്‌കൂളില്‍ സാമൂഹിക ശാസ്ത്രമേള നടക്കും. പതിനെട്ടിന് പ്രവൃത്തി പരിചയമേള നടത്തും. 19 ന് ശാസ്ത്രമേള, ഐ ടി മേള, പ്രവൃത്തി പരിചയമേള പ്രദര്‍ശനം എന്നിവ നടത്തും. 19 ന് വൈകീട്ട് നാലിന് സമാപനസമ്മേളനം സി പി മുഹമ്മദ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗൗരി സമ്മാനദാനം നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ നിന്നുളള 175 വിധികര്‍ത്താക്കളാണ് വിധി നിര്‍ണയത്തിനെത്തുക. സംസ്ഥാനതലത്തില്‍ ശാസ്‌ത്രോത്സവവിജയികള്‍ക്ക് ഇത്തവണ സ്വര്‍ണ്ണക്കപ്പ് നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ ജില്ല, സംസ്ഥാനതലത്തില്‍ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.
ശാസ്‌ത്രോത്സവം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, ഡി ഡി ഇ എ അബൂബക്കര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.