നീലഗിരിയില്‍ എല്ലാവര്‍ക്കും കൃത്യമായി റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

Posted on: November 14, 2014 10:57 am | Last updated: November 14, 2014 at 10:57 am

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ എല്ലാവര്‍ക്കും കൃത്യമായി റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, കുന്നൂര്‍ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിലെ റേഷന്‍ കടകളില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് കൃത്യമായി സാധനങ്ങള്‍ ലഭിക്കാത്തത്. പഞ്ചസാര, പാമോയില്‍, പരിപ്പ്, ഉഴുന്ന് തുടങ്ങിയ സാധനങ്ങളാണ് ലഭിക്കാത്തത്. ഇത്തരം സാധനങ്ങള്‍ റേഷന്‍ കട ജീവനക്കാര്‍ മറിച്ച് വില്‍ക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാസാദ്യത്തില്‍ വരുന്നവര്‍ക്ക് മാത്രമെ സാധനങ്ങള്‍ ലഭിക്കുകയുള്ളു. അല്ലാത്തവര്‍ക്ക് സാധനങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത്. റേഷന്‍ സാധനങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നീലഗിരിയില്‍ ഡി വൈ എഫ് ഐ സമരം നടത്തിയിരുന്നു. റേഷന്‍ കടകളില്‍ ജീവനക്കാരുടെ കൈവശം നിരവധി കള്ളറേഷന്‍ കാര്‍ഡുകളുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാവര്‍ക്കും കൃത്യമായി റേഷന്‍ സാധനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ചില റേഷന്‍കട ജീവനക്കാര്‍ അത് വിതരണം ചെയ്യാന്‍ തയ്യാറാകുന്നില്ല. പാവപ്പെട്ട നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. ചില ആദിവാസികള്‍ക്ക് പോലും കൃത്യമായി സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി.