Connect with us

Kozhikode

സഞ്ചാരികളുടെ പറുദീസയാകാന്‍ കക്കയവും പെരുവണ്ണാമൂഴിയുമൊരുങ്ങുന്നു

Published

|

Last Updated

പേരാമ്പ്ര: സാങ്കേതികത്വത്തിന്റെ പേരില്‍ മുടങ്ങിയ കക്കയം, പെരുവണ്ണാമൂഴി ടൂറിസം പദ്ധതി പുനരുജജീവിപ്പിക്കാന്‍ വീണ്ടും നീക്കംതുടങ്ങി. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം കക്കയവും അനുബന്ധ മേഖലയും സന്ദര്‍ശിച്ച് വികസന മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കി. ഇതോടെ വിനോദസഞ്ചാരികളുടെ സ്വപ്‌നം പൂവണിയുമെന്നാണ് പ്രതീക്ഷ. ഐ എല്‍ യു എഫ് എസ് കണ്‍സല്‍ട്ടന്‍സിയുടെ മേല്‍നോട്ടത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.
പദ്ധതി പ്രദേശങ്ങളായ ചക്കിട്ടപാറ പഞ്ചായത്തിലെ കയാക്കിംഗ് മത്സരകേന്ദ്രമായ മീന്‍തുള്ളി, പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രം, വന്യമൃഗ പരിപാലനകേന്ദ്രം, മരുതോങ്കര പഞ്ചായത്ത് പരിധിയില്‍ വരുന്ന ജാനകിക്കാട്, കൂരാച്ചുണ്ടിലെ കക്കയം, കരിയാത്തുംപാറ, ഓട്ടപ്പാലം, തോണിക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം, പദ്ധതി പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ കേന്ദ്ര ടൂറിസം വകുപ്പ് പദ്ധതിക്ക് വേണ്ടി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വന്ന വീഴ്ച കാരണം ഫണ്ട് ലാപ്‌സാകുകയായിരുന്നു. ഇത് ഏറെ ആക്ഷേപങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ടൂറിസം ഫണ്ട് വിനിയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനമെടുത്തതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍വെച്ചത്. കക്കയം ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് വിനോദ സഞ്ചാരികളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും നടപടികളായിട്ടുണ്ട്.
നേരത്തെ തന്നെ പ്രധാനമന്ത്രി സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലാനോട്- തോണിക്കടവ്- കരിയാത്തുംപാറ വഴി കുറ്റിയാടി ജലവൈദ്യുത പദ്ധതിയുടെ റിസര്‍വോയറിനരികിലൂടെ 2.170 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. ഒന്നര കോടിയോളമാണ് റോഡിന് ചിലവഴിച്ചത്. കാനന ഭംഗിയും, കക്കയം മലനിരകളുടെ വശ്യ സൗന്ദര്യവും ആസ്വദിച്ച് നിരവധി സഞ്ചാരികള്‍ ഈ റോഡിലൂടെ ഇപ്പോള്‍ സഞ്ചരിക്കുന്നുണ്ട്.
കക്കയത്ത് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് എയ്ഡ് പോസ്റ്റ് നിലവില്‍ വന്നുകഴിഞ്ഞു. നേരത്തെ നഷ്ടപ്പെട്ട കേന്ദ്ര കേന്ദ്രഫണ്ട് വീണ്ടും ലഭ്യമായാല്‍ മലബാറിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായി ഈ മേഖല ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നതില്‍ സംശയമില്ല.

Latest