സഭാ വിമര്‍ശം: ‘ലിറ്റില്‍ സൂപ്പര്‍മാന്‍’ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു

Posted on: November 14, 2014 12:17 am | Last updated: November 14, 2014 at 12:17 am

ആലപ്പുഴ: വിനയന്‍ സംവിധാനം ചെയ്ത ‘ലിറ്റില്‍ സൂപ്പര്‍മാന്‍’ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു. സി എം ഐ സഭയുടെ അഭ്യര്‍ഥന പ്രകാരം സിനിമയുടെ ക്ലൈമാക്‌സില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടിയാണ് ചിത്രം പിന്‍വലിച്ചതെന്ന് വിനയനും നിര്‍മാതാവ് വി എന്‍ ബാബുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുമയോടെ ചിത്രം അടുത്ത വെക്കേഷന്‍ കാലത്ത് റിലീസ് ചെയ്യും. ക്രിസ്തീയ പശ്ചാത്തലം സിനിമയില്‍ മുഴുവനായും അതോടൊപ്പം ഉണ്ണിയേശുവിന്റെ സാന്നിധ്യം നായക കഥാപാത്രത്തിന് സൂപ്പര്‍മാന്‍ ശക്തി കൊടുക്കുന്നതുപോലെ തോന്നിക്കുന്നതായി സി എം ഐ സഭ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെക്കൊണ്ട് തോക്കെടുപ്പിക്കുന്നതും കൊല ചെയ്യുന്നതും സംസ്‌കാരത്തെയും മൂല്യബോധങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് സി എം ഐ സഭ വിമര്‍ശിച്ചു. ഈ പശ്ചാത്തലത്തിലാണ് ക്ലൈമാക്‌സ് പുനര്‍ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് വിനയന്‍ പറഞ്ഞു.
ചിത്രത്തിലെ ക്ലൈമാക്‌സില്‍ മാറ്റങ്ങള്‍ വരുത്തി മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുമിച്ച് റിലീസ് ചെയ്യും.
മലേഷ്യന്‍ വിമാനം കാണാതായ സംഭവം പശ്ചാത്തലമാക്കിയുള്ള തന്റെ പുതിയ ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുമെന്നും വിനയന്‍ പറഞ്ഞു.