Connect with us

Ongoing News

സംസ്ഥാനത്ത് മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെന്ന് മുന്‍ സി ആര്‍ പി എഫ് ഡയറക്ടര്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മുന്‍ സി ആര്‍ പി എഫ് ഡയറക്ടര്‍ ജനറല്‍ വിജയകുമാര്‍. ഇവിടെ മാവോയിസ്റ്റുകള്‍ ഉണ്ടെന്നോ ഇല്ലെന്നോ ഇപ്പോള്‍ തീര്‍ത്ത് പറയാനാകില്ല. സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന ട്രയാങ്കിള്‍ സെക്ടറുകളില്‍ ഭീകരസംഘടനകളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതേസമയം, കേരള, തമിഴ്‌നാട,് കര്‍ണാടക സെക്ടറിലും മാവോവാദി സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്. മാവോവാദികളുടേതെന്ന പേരില്‍ വിവിധ നഗരങ്ങളില്‍ വിതരണം ചെയ്യപ്പെട്ട ലഘുലേഖകളുടെ അടിസ്ഥാനത്തില്‍ കേരള പോലീസ് നടത്തിയ തിരച്ചില്‍ കാര്യക്ഷമമായിരുന്നു. എന്നാല്‍, ഇത് ഫലവത്താകണമെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളിലേയും സേനകള്‍ സംയുക്തമായുള്ള ഒരു ഫോഴ്‌സ് രൂപവത്കരിക്കേണ്ടതുണ്ട്. സായുധസേനയുടെ നേതൃത്വത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലേയും വനാന്തരങ്ങളില്‍ ഒരേസമയം തിരച്ചില്‍ നടത്തിയാല്‍ മാത്രമേ നിജസ്ഥിതി വെളിവാകൂ. ദേശീയ സുരക്ഷാ ഉപദേഷ്ടാവെന്ന നിലയില്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും തുടര്‍ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് സംഘടിപ്പിച്ച ജനമൈത്രീ ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.