200 ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കാന്‍ ഇസ്‌റാഈലിന്റെ അംഗീകാരം

Posted on: November 14, 2014 12:59 am | Last updated: November 13, 2014 at 10:59 pm

ജറൂസലം: കിഴക്കന്‍ ജറൂസലമില്‍ പുതിയ 200 കുടിയേറ്റ കേന്ദ്രങ്ങള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിക്ക് ഇസ്‌റാഈല്‍ അംഗീകാരം നല്‍കി. ഇതിന് പുറമെ അറബ് അതിര്‍ത്തിയോട് ചേര്‍ന്ന് 174 വീടുകള്‍ നിര്‍മിക്കാനും ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ നീക്കം പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജോര്‍ദാനില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സന്ദര്‍ശനം നടത്തുന്നതിന്റെ തൊട്ടുമുമ്പാണ് ഇങ്ങനെയൊരു പ്രകോപന നീക്കവുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയത്. ആഴ്ചകള്‍ നീണ്ട ഫലസ്തീന്‍ – ഇസ്‌റാഈല്‍ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെറി ജോര്‍ദാനിലെത്തിയത്. അടുത്തിടെ ഇസ്‌റാഈല്‍ മനഃപൂര്‍വം സൃഷ്ടിച്ച ചില പ്രകോപന നീക്കങ്ങളിലൂടെ പ്രദേശം വീണ്ടും സംഘര്‍ഷത്തിലേക്ക് വഴുതിവീഴുകയായിരുന്നു. മുസ്‌ലിംകളുടെ വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്‌സയിലേക്ക് ജൂതര്‍ക്ക് മാത്രം പ്രവേശനം നല്‍കിയ നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പുറമെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ 50 ദിവസം നീണ്ടുനിന്ന യുദ്ധവും കിഴക്കന്‍ ജറൂസലമില്‍ ഇസ്‌റാഈല്‍ നിര്‍മിക്കുന്ന അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങളും പ്രദേശത്തെ ഇപ്പോള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്‌റാഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റ നിര്‍മാണത്തെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ശക്തമായി എതിര്‍ത്തിരുന്നു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തുന്നതാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടത്.
കിഴക്കന്‍ ജറൂസലം ഫലസ്തീനികള്‍ക്ക് അവരുടെ തലസ്ഥാന നഗരമാണ്. ഫലസ്തീനും അന്താരാഷ്ട്ര സമൂഹവും ഈ പ്രദേശത്ത് ഇസ്‌റാഈല്‍ നടത്തുന്ന പരമാധികാരത്തെയും ഉരുക്കുമുഷ്ടി ഉപയോഗിച്ചുള്ള കീഴടക്കലിനെയും ശക്തമായി എതിര്‍ത്തുവരുന്നുണ്ട്.