Connect with us

Wayanad

കല്‍മതില്‍ നിര്‍മിച്ചിട്ടും കര്‍ഷകര്‍ക്ക് രക്ഷയില്ല; കൃഷിയിടങ്ങളില്‍ വിളവെടുക്കുന്നത് കാട്ടാനകള്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: കല്‍മതില്‍ നിര്‍മിച്ചിട്ടും കര്‍ഷകര്‍ക്ക് രക്ഷയില്ല. നൂല്‍പ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടങ്ങളില്‍ വിളവെടുക്കുന്നത് കാട്ടാനകളാണ്. പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പുത്തൂര്‍, കോളയോട്ട്, മൂതിക്കുണ്ട്, വാളംവയല്‍, കുണ്ടൂര്‍, കാപ്പാട്ട് തുടങ്ങിയപ്രദേശങ്ങളിലാണ് കാട്ടാനകൂട്ടം വ്യാപകമായി കൃഷിനശിപ്പിക്കുന്നത്.
വിളവെടുപ്പിനു പാകമായ നെല്‍കൃഷി, കവുങ്ങ്, വാഴയടക്കമുള്ള വിളകളാണ് കല്‍മതില്‍ തകര്‍ത്തെത്തുന്ന കാട്ടാനകൂട്ടം നശിപ്പിക്കുന്നത്. കാട്ടാനയുടെ ശല്യം കൂടുകയും കൃഷികള്‍ ഒന്നുംതന്നെ വിളവിറക്കാന്‍ പറ്റാതാവുകയും ചെയ്തതോടെ പ്രദേശങ്ങളിലെ കര്‍ഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പൂത്തൂര്‍ ഭാഗത്ത് വനം വകുപ്പ് വനാതിര്‍ത്തിയോട് ചേര്‍ന്ന് ഏഴു മാസങ്ങള്‍ക്ക് മുമ്പ് കല്‍മതില്‍ നിര്‍മിച്ചത്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി ആറടി പൊക്കത്തിലും നൂറു മീറ്ററോളം നീളത്തിലും നിര്‍മിച്ച ഈമതില്‍ തകര്‍ത്താണ് ഇപ്പോള്‍ ആനകള്‍ കൃഷിയിടത്തില്‍ എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കല്‍മതില്‍ തകര്‍ത്ത് ഇറങ്ങിയ കാട്ടാനകൂട്ടം പുത്തൂരിലെ കര്‍ഷകരായ മൂക്കണ്ണന്‍, കളത്തില്‍ അപ്പു, കോളയോട്ട് രാഘവന്‍, കുമാരന്‍, രാജന്‍ എന്നിവരുടെ കൊയ്ത്തിനുപാകമായ ഹെക്ടറുകണക്കിനു നെല്‍കൃഷി മുഴുവനായും നശിപ്പിച്ചു. കല്‍മതില്‍ അശാസ്ത്രീയമായി നിര്‍മിച്ചതാണ് ആനകള്‍ തകര്‍ക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കമ്പിയുപയോഗിച്ചും ബെല്‍റ്റ് വാര്‍ത്തും മതില്‍ നിര്‍മിക്കുകയാണങ്കില്‍ ആനകള്‍ക്ക് തകര്‍ക്കാന്‍ കഴിയില്ലാണ് പ്രദേശവാസികള്‍ പറയുന്നത്. പലകര്‍ഷകരും സ്വന്തമായി കൃഷിയിടത്തിനു ചുറ്റും വൈദ്യുതി കമ്പിവേലി സ്ഥാപിച്ചാണ് വിളകള്‍ സംരക്ഷിക്കുന്നത്. എന്നാല്‍ ഇതിനു കഴിവില്ലാത്ത സാധാരണക്കാരായ കര്‍ഷകരുടെ വിളകളാണ് വന്യമൃഗങ്ങെളത്തി നശിപ്പിക്കുന്നത്. പലരും ഏറുമാടങ്ങള്‍ കെട്ടി കാവലിരിക്കുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും രക്ഷയില്ലാന്നാണ് ഇവര്‍ പറയുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് ശാസ്ത്രീയമായ രീതിയില്‍ കല്‍മതില്‍ നിര്‍മിക്കുകയും വൈദ്യുതി കമ്പിവേലി സ്ഥാപിക്കുകയുമാണ് പരിഹാര മാര്‍ഗ്ഗമായി കര്‍ഷകര്‍ തന്നെ ചൂണ്ടികാട്ടുന്നത്. ആനശല്ല്യം കാരണം പലകര്‍ഷകരും ഇതിനകം തന്നെ കൃഷി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.