Connect with us

Malappuram

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന ശൈലി മാറണം: വി എം സുധീരന്‍

Published

|

Last Updated

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കെ പി സി സി യുടെ ജനപക്ഷയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കലും അധികാരത്തില്‍ എത്തലും എതിരാളികളെ താഴെയിറക്കലും മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ജനങ്ങളുടെ നന്‍മക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റമുണ്ടാക്കണം. അനാവശ്യ വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുതുള്ളി ചോര പോലും ആരും വീഴ്ത്തരുതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയും സി പി എമ്മും അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. അക്രമം പ്രാകൃതമായ രീതിയാണ്. ജനാധിപത്യത്തിന് നിരക്കുന്നതല്ല. സി പി എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം ഫാസിസ്റ്റ് ശക്തികളെ വളര്‍ത്താനാണ് ഉപകരിക്കുക. നരേന്ദ്ര മോദി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പറഞ്ഞ് സി പി എം ഊറ്റംകൊള്ളുകയാണുണ്ടായതെന്നും ഇതിന്റെ അനന്തരഫലം ആലോചിക്കുകയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങര: പ്രവാസികളില്‍ നിന്നും സേവന നികുതി ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ജനദ്രോഹപരമാണെന്ന് വി എം സുധീരന്‍ വേങ്ങരയില്‍ പറഞ്ഞു. വേങ്ങരയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വരുമാനത്തിന്റെ 25 ശതമാനവും പ്രവാസികളുടേതാണ്. ബേങ്ക് വഴി മാത്രം 95000 കോടി രൂപയാണ് പ്രതിവര്‍ഷം പ്രവാസികള്‍ സംസ്ഥാനത്ത് എത്തിക്കുന്നത്. ഏറെ കഷ്ടതകള്‍ അനുഭവിച്ച് സമ്പാദിക്കുന്ന പണത്തില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തെ വന്ന ആലോചനകള്‍ മുഖ്യമന്ത്രിയുടെയും എം പിമാരുടെയും ഇടപെടല്‍ മൂലം വേണ്ടെന്ന് വെച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കെ പി സി സി അംഗം പി എ ചെറീത് അധ്യക്ഷത വഹിച്ചു. കെ പി അനില്‍കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അജയ് തറയില്‍, പീതാംബര കുറുപ്പ്, സി ഹരിദാസ്, ലതിക സുഭാഷ്, കെ പി എ മജീദ്, ടി സിദ്ദീഖ്, ഇ മുഹമ്മദ്കുഞ്ഞി, പി പി സഫീര്‍ബാബു പ്രസംഗിച്ചു.