പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജു രമേശിന് മാണിയുടെ വക്കീല്‍ നോട്ടീസ്

Posted on: November 13, 2014 12:54 am | Last updated: November 13, 2014 at 12:54 am

കോട്ടയം: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി വക്കീല്‍ നോട്ടീസയച്ചു. പത്ത്‌കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണം വസ്തുനിഷ്ഠമല്ലെന്നും ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നോട്ടീസിലുണ്ട്. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടാതിരിക്കാന്‍ കെ എം മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശ് ആരോപിച്ചത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റാണ് ബിജു രമേശ്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാര്‍ മുഖേനയാണ് കെ എം മാണി ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ചത്.