ബേഡകം വിഭാഗീയത കാടകത്തേക്കും; സി പി എം ജില്ലാ നേതൃത്വത്തിന് പുതിയ തലവേദന

Posted on: November 12, 2014 1:06 am | Last updated: November 12, 2014 at 1:06 am

കുറ്റിക്കോല്‍: ഇടയ്ക്കിടെ ഒളിഞ്ഞും തെളിഞ്ഞും വിഭാഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ള പാര്‍ട്ടി ഗ്രാമമായ ബേഡകത്തെ സംഭവ വികാസങ്ങളുടെ മാതൃകയില്‍ കാടകത്തും മുളിയാറിലും സി പി എമ്മില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നു.
സിപിഎം ജില്ലാ നേതൃത്വത്തിന് ഈ ഭാഗങ്ങളില്‍ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പുതിയ തലവേദനയായി മാറിയിരിക്കുകയാണ്. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഭവാനിക്കെതിരെ സിപിഎം പ്രാദേശിക നേതൃത്വം രംഗത്തുവന്നതുമുതലാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടത്.
സി പി എം നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ട് അനുസരിക്കുന്നില്ലെന്നാണ് ആരോപണം. പ്രസിഡണ്ടും പാര്‍ട്ടിയും രണ്ട് വഴികളിലായതോടെ ഇതേ ചൊല്ലി പ്രവര്‍ത്തകര്‍ തമ്മിലും ചേരിതിരിവിലാണ്.
ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ഭവാനിയുടെ ഭര്‍ത്താവും കര്‍ഷക സംഘം നേതാവുമായ കൃഷ്ണന്‍ നായരെ ലോക്കല്‍ സമ്മേളനത്തോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഒതുക്കിയത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമായി തീര്‍ന്നു. ലോക്കല്‍ സെക്രട്ടറിയാകാനുള്ള കൃഷ്ണന്‍ നായരുടെ മോഹത്തിന് ലോക്കല്‍ സമ്മേളനത്തിന് ബദല്‍ പാനല്‍ കൊണ്ടുവന്ന് വിജയിപ്പിച്ചാണ് ഈ വിഭാഗം തിരിച്ചടി നല്‍കിയത്. ഇതിന് ശേഷം കൃഷ്ണന്‍ നായര്‍ പാര്‍ട്ടി പരിപാടികളുമായി നിസ്സഹകരിക്കുകയാണ്.
കൃഷ്ണന്‍ നായര്‍ക്ക് പിന്തുണയുമായി പാര്‍ട്ടിയിലെ മറ്റു ചില നേതാക്കള്‍ കൂടി രംഗത്തുവന്നതോടെ വിവാദം കൂടുതല്‍ കൊഴുത്തിട്ടുണ്ട്. കാടകത്തും മുളിയാറിലും നിലനില്‍ക്കുന്ന പാര്‍ട്ടി പ്രശ്‌നങ്ങളില്‍ സി പി എം ജില്ലാ നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ല.
ബേഡകത്ത് പാര്‍ട്ടിയിലെ പ്രശ്‌നം അതിസങ്കീര്‍ണമായ ഘട്ടത്തിലാണ് സി പി എം ജില്ലാ നേതൃത്വം ഇടപ്പെട്ടിരുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ട് കൈവിട്ടുപോകുന്ന അവസ്ഥയിലായിരുന്നു. ബേഡകത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ഇനിയും പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല.
ബേഡകത്തിന് സമാനമായ രീതിയില്‍ കാടകത്തും പ്രശ്‌നങ്ങള്‍ രൂക്ഷമായാല്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിന് അത് കടുത്ത വെല്ലുവിളിയായി മാറും.