മഹാരാഷ്ട്ര: ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

Posted on: November 12, 2014 12:50 pm | Last updated: November 13, 2014 at 1:03 am

devendra-fadnavis-maharashtraമുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. വോട്ടെടുപ്പ് വേണ്ടെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചതിനാല്‍ ശബ്ദ വോട്ടോടെയാണ് വിശ്വാസ വോട്ട് നേടിയത്. അതിനിടെ ശബ്ദവോട്ടെടുപ്പ് നടത്തിയതിനെതിരെ ശിവസേന, കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ കാ‍റ്‍ തടയുകയും ചെയ്തു.

വിശ്വാസ വോട്ടിന് മുമ്പ് ബിജെപിയുടെ ഹരിഭാവു ബാഗ്‌ഡേയെ സ്പീക്കറായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസും ശിവസേനയും സ്ഥാനാര്‍ത്ഥികളെ പിന്‍വിലച്ചതോടെയാണ് ബാഗ്‌ഡെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാനത്തിന്റെ വികസനത്തിനായി കോണ്‍ഗ്രസ് ഒഴികെ ഏത് പാര്‍ട്ടിയുടെയും പിന്തുണ സ്വീകരിക്കുമെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയുടെ വികസനത്തിന് വേണ്ടിയായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള ബി ജെ പി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. എന്‍ സി പി ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണ സ്വീകരിക്കുന്നതിന് ബി ജെ പി തയ്യാറാണെന്ന വ്യക്തമായ സൂചനയാണ് റൂഡി നല്‍കിയത്. ബി ജെ പി സര്‍ക്കാറിന് ഉപാധികളില്ലാതെ പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം എന്‍ സി പി നേതാവ് ശരത് പവാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

287 അംഗ നിയമസഭയില്‍ 122 അംഗങ്ങളുടെ പിന്തുണയാണ് ബി ജെ പിക്കുള്ളത്. ശിവസേനക്ക് 63ഉം കോണ്‍ഗ്രസിന് 42ഉം അംഗങ്ങളുണ്ട്. 41 അംഗങ്ങളുള്ള എന്‍ സി പി നേരത്തെ സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 22 എം എല്‍ എമാരുടെ കൂടി പിന്തുണയായിരുന്നു ബി ജെ പിക്ക് വേണ്ടിയിരുന്നത്.

ഏക്‌നാഥ് ഷിന്‍ഡെയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന തിങ്കളാഴ്ച നിയമസഭാ സെക്രട്ടറി അനന്ത് ഖല്‍സെക്ക് കത്ത് നല്‍കിയിരുന്നു. നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച ശിവസേന എം എല്‍ എമാര്‍ പ്രതിപക്ഷ ബഞ്ചിലാണ് ഇരുന്നത്.

ALSO READ  ഒന്നിലധികം കൊവിഡ് രോഗികള്‍ ഒരേ ബെഡില്‍; മഹാരാഷ്ട്രയിലെ കൊവിഡ് പ്രതിസന്ധി വ്യക്തമാക്കി നാഗ്പൂര്‍ ആശുപത്രി