Connect with us

National

ഡല്‍ഹി ബി ജെ പി തൂത്തുവാരുമെന്ന് സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. “നരേന്ദ്ര മോദി തരംഗം” ഡല്‍ഹിയില്‍ വിധി നിര്‍ണയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്്. 70 അംഗ നിയമസഭയില്‍ ബി ജെ പി 46 സീറ്റ് നേടുമെന്നാണ് പ്രവചനം. 38 ശതമാനം വോട്ട് നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്തെ ബി ജെ പിയുടെ പ്രധാന എതിരാളി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി രണ്ടാമതെത്തുമെന്നും കോണ്‍ഗ്രസ് നിഷ്പ്രഭമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ എ എ പി, ഇപ്രാവശ്യം 18 സീറ്റുകളില്‍ ഒതുങ്ങും. എ എ പിയുടെ വോട്ടിംഗ് ശതമാനം 27ല്‍ നിന്ന് 26 ആകും. കഴിഞ്ഞ പ്രാവശ്യത്തെ എട്ടില്‍ നിന്ന് അഞ്ചിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങും. ഏറ്റവും യോജിച്ചയാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാലേ ബി ജെ പിക്ക് വന്‍ വിജയം നേടാനാകൂവെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് കെജ്‌രിവാള്‍ തന്നെ വരണമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. 39 ശതമാനം പേര്‍ കെജ്‌രിവാളിന് അനുകൂലമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ പ്രധാന മുഖം ഡോ. ഹര്‍ഷവര്‍ധന് 38 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ഹര്‍ഷവര്‍ധന്‍ നിലവില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയാണ്. 49 ദിവസത്തെ ഭരണകാലയളവില്‍ കെജ്‌രിവാളിന്റെ പ്രവര്‍ത്തനത്തില്‍ മൂന്നില്‍ രണ്ട് പേരും തൃപ്തരാണ്. ഇതായിരിക്കാം മുഖ്യമന്ത്രിപദത്തില്‍ കെജ്‌രിവാള്‍ വേണമെന്ന് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നതിന്റെ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍വേ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും ജനകീയനായ നേതാവ്. 63 ശതമാനം പേര്‍ മോദിയെ അനുകൂലിച്ചപ്പോള്‍ കെജ്‌രിവാളിന് ലഭിച്ചത് 25ഉം രാഹുലിന് 12ഉം ശതമാനം മാത്രമാണ് വോട്ട് ലഭിച്ചത്. മോദിയുടെ ഭരണത്തില്‍ തൃപ്തരാണെന്ന് 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 35 നിയമസഭാ മണ്ഡലത്തിലെ 6528 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. രണ്ട് ദിവസമാണ് സര്‍വേ നടത്തിയത്.