Connect with us

National

ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് വി സി: ലിഗഡിലെ ലൈബ്രറി വിലക്ക്: കേന്ദ്രം റിപ്പോര്‍ട്ട് തേടി

Published

|

Last Updated

അലിഗഡ്: അലിഗഡ് സര്‍വകലാശാലയിലെ പ്രധാന ലൈബ്രറിയില്‍ ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശം നിഷേധിച്ചുവെന്ന ആരോപണത്തില്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിശദീകരണം തേടി. പെണ്‍കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മൂന്ന് കിലോമിറ്റര്‍ മാറിയുള്ള അബ്ദുല്ല ഗേള്‍സ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് വൈസ് ചാന്‍സിലര്‍ സമീറുദ്ദീന്‍ ഷാ അനുമതി നിഷേധിച്ചുവെന്നാണ് ആരോപണം. ലൈബ്രറിയിലെ സൗകര്യക്കുറവും സമയക്കുറവും സൂചിപ്പിക്കുക മാത്രമേ താന്‍ ചെയ്തുള്ളൂവെന്നാണ് വി സിയുടെ വിശദീകരണം. എന്നാല്‍ വി സി വിവേചനം കാണിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പെണ്‍കുട്ടികള്‍ വന്നാല്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ ലൈബ്രറിയിലെത്തുമെന്ന തരത്തില്‍ വി സി പ്രതികരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വി സി ഇത് ശക്തമായി നിഷേധിക്കുന്നു.
വിവാദത്തില്‍ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വൈസ്ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞു. സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്ക്് തുല്യ പരിഗണനയും അവസരവുമാണ് നല്‍കുന്നതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ദുരുദ്ദേശ്യപരമാണെന്നും വി സി വ്യക്തമാക്കി. “യൂനിവേഴ്‌സിറ്റിയിലെ മൗലാനാ ആസാദ് ലൈബ്രറിയില്‍ ബിരുദ വിദ്യാര്‍ഥിനികള്‍ പ്രവേശനം ആവശ്യപ്പെട്ടിരുന്നു. അബ്ദുല്ല ഗേള്‍സ് കോളജിലെ ചടങ്ങില്‍ ഇതിനു താന്‍ നല്‍കിയ മറുപടി ഇപ്പോള്‍ ലൈബ്രറിയില്‍ സ്ഥലമില്ലെന്നാണ്. “നിങ്ങള്‍ക്ക് കൂടി പ്രവേശനം നല്‍കിയാല്‍ ലൈബ്രറി ആള്‍കൂട്ടമായി മാറുമെന്നാ”യിരുന്നു പറഞ്ഞത്.

Latest