Connect with us

Malappuram

കോഴിമാലിന്യത്തില്‍ നിന്ന് കോഴിത്തീറ്റ ഉത്പാദിപ്പിക്കാമെന്ന് വിദ്യാര്‍ഥികള്‍

Published

|

Last Updated

എടപ്പാള്‍: നഗരങ്ങളിലുള്ള മാലിന്യങ്ങള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ് പരിസ്ഥിതി നാശമുണ്ടാക്കാതെ അവ ശാസ്ത്രീയമായി സംസ്‌കരിച്ച് പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കാനും അതോടൊപ്പം നല്ലൊരു വരുമാനം ലഭ്യമാക്കാനുമുള്ള സാധ്യതകളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്.
കോഴി മാലിന്യത്തില്‍ നിന്ന് കോഴിത്തീറ്റ ഉത്പാദിപ്പിക്കാമെന്ന അവകാശവാദവുമായാണ് കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ പി വി നബീലും യു ഷര്‍വിന്‍ അവാദും രംഗത്ത് വന്നത്. എടപ്പാള്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ പ്രൊജക്ട് മാലിന്യ സംസ്‌കരണ രംഗത്ത് ഏറെ ശ്രദ്ധയൂന്നാന്‍ ശ്രമിക്കുന്ന വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫക്ക് കണ്ടുപിടുത്തം സമര്‍പ്പിച്ചു.
കോഴിയവശിഷ്ടങ്ങളില്‍ നിന്ന് കോഴിത്തീറ്റ നിര്‍മിക്കുന്ന ഒരു പ്ലാന്റ് നടപ്പില്‍ വന്നാല്‍ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് തീറ്റ വിതരണം ചെയ്യാനും തൊഴില്‍ രഹിതരായവര്‍ക്ക് തൊഴില്‍ ലഭിക്കാനും സഹായകരമാകും. സംസ്‌കരിക്കപ്പെട്ട തൂവല്‍ ഉപയോഗപ്പെടുത്തി പല ചെറുകിട വ്യവസായങ്ങളും കരകൗശല വസ്തു നിര്‍മാണം, തലയണ-മെത്ത നിര്‍മാണം എന്നിവ ആരംഭിക്കാന്‍ സാധിക്കുമെന്നും ഈ പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പ് ഉപയോഗിച്ച് സോപ്പ് പോലോത്ത വസ്തുക്കള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും ഇവര്‍ പഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫയെ ബോധ്യപ്പെടുത്തി. ഇതേ തുടര്‍ന്ന് വട്ടംകുളം പഞ്ചായത്തില്‍ കോഴി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. ഈ പ്രൊജക്ട് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍.

Latest