പഞ്ചായത്ത് ജീപ്പ് അപകടം: എല്‍ ഡി എഫ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Posted on: November 11, 2014 12:35 am | Last updated: November 10, 2014 at 11:35 pm

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജീപ്പപകടം സംഭവവുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്ഞറ് സിദ്ദീഖിനെ സ്ഥാനത്ത് നിന്ന് പുറത്താക്കുക, അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ ബൈക്ക് യാത്രക്കാര്‍ക്ക് ചികിത്സ ചെലവ് നല്‍കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് എല്‍ ഡി എഫ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തിനാണ് തൃശൂര്‍ കിലയില്‍ പരിശീലനത്തിന് പോയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തില്‍പ്പെട്ടത്.
ബൈക്ക് യാത്രക്കാരായ രണ്ട് പേരെയും വഴിയാത്രക്കാരനെയും ജീപ്പിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓടിരക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ജീപ്പില്‍ നിന്ന് മദ്യകുപ്പികളും പിടിച്ചെടുത്തിരുന്നു. ഉപരോധ സമരം സി പി എം എല്‍ സി സെക്രട്ടറി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
എല്‍ ഡി എഫ് കണ്‍വീനര്‍ പി മണികണ്ഠന്‍, കെ സി ഗോപാലകൃഷ്ണന്‍, പി എസ് ജോണ്‍, ബഷീര്‍ പ്രസംഗിച്ചു.