ഇസിലിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കര്‍ ബഗ്ദാദി കൊല്ലപ്പെട്ടു?

Posted on: November 10, 2014 5:09 am | Last updated: November 9, 2014 at 10:10 pm

iraqi caliബഗ്ദാദ്: ഇറാഖിലെ ഇസില്‍ നേതൃത്വത്തെ ലക്ഷ്യമാക്കി അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖില്‍ ശക്തമായ വ്യോമാക്രമണം. ആക്രമണത്തില്‍ നിരവധി ഇസില്‍ നേതാക്കള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ് കഴിഞ്ഞ ദിവസം അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത്. അന്‍ബാര്‍ പ്രവിശ്യയിലെ ഖൈം നഗരത്തിനടുത്തുള്ള പ്രദേശത്ത് ഇസില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്ന കേന്ദ്രവും ആക്രമണ പരിധിയില്‍ വന്നതായി ഇറാഖ് സുരക്ഷാ സൈനികര്‍ പറഞ്ഞു. നേരത്തെ ഈ പ്രദേശം പിടിച്ചടക്കി ഇസ്‌ലാമിക് ഖിലാഫത്ത് എന്ന പേരില്‍ ഇവിടെ ഇസില്‍ തീവ്രവാദികള്‍ ശക്തിയുറപ്പിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇസിലിന്റെ പ്രാദേശിക ഗവര്‍ണര്‍മാരായ രണ്ട് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനകളുണ്ട്. അതേസമയം, സ്വയം പ്രഖ്യാപിത ഖലീഫയാണെന്ന് അവകാശപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്ന ഇസിലിന്റെ ഉന്നത നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് വ്യോമാക്രണത്തെ തുടര്‍ന്ന് പരുക്കേറ്റതായോ അല്ലെങ്കില്‍ കൊല്ലപ്പെട്ടതായോ സംശയിക്കുന്നു. എന്നാല്‍ അല്‍ ബഗ്ദാദി കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നോ എന്ന കാര്യം സ്ഥീരീകരിച്ചിട്ടില്ല.
ഇസില്‍ നേതൃത്വം യോഗം കൂടിയിരുന്ന കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തിയ കാര്യം അമേരിക്കയുടെ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. തീവ്രവാദികളുടെ പത്ത് വാഹനവ്യൂഹങ്ങളും ആക്രമണണത്തിന് വിധേയമായിട്ടുണ്ട്. എന്നാല്‍ വ്യോമാക്രമണം മൊസൂളിനടുത്ത പ്രദേശത്തായിരുന്നുവെന്നും ഇത് ഖൈമില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇറാഖിലും സിറിയയിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അമേരിക്ക പുതിയ നീക്കം നടത്തിയിരുന്നു. ഇതനുസരിച്ച്, ഇറാഖിലെ സൈന്യത്തിന് കുടുതല്‍ ശക്തിപകരുന്നതിനായി 1,500 യു എസ് സൈനികരെ കൂടി ഇവിടേക്ക് നിയോഗിക്കാന്‍ തീരുമാനമായിരുന്നു.