Connect with us

Ongoing News

എം വി രാഘവന്‍ അന്തരിച്ചു

Published

|

Last Updated

കണ്ണൂര്‍: സിഎംപി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം വി രാഘവന്‍ (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. മറവിരോഗം രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

1933ല്‍ മെയ് 5ന് കണ്ണൂരിലെ പാപ്പിനിശേരിയിലായിരുന്നു ജനനം. 1949ല്‍ 16-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1985ല്‍ ബദല്‍രേഖ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് 1986ല്‍ അദ്ദേഹത്തെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. തുടര്‍ന്നാണ് സിഎംപി രൂപീകരിച്ചത്. മലബാറില്‍ സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരിന്റെ പടക്കുതിര, ഗര്‍ജിക്കുന്ന സിംഹം എന്നീ പേരുകളില്‍ എംവിആര്‍ അറിയപ്പെട്ടിരുന്നു.

സിഎംപി രൂപീകരിച്ച ശേഷം യുഡിഎഫിന്റെ ഭാഗമായി. 1991ലും 2001ലും യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്നു. സഹകരണ-തുറമുഖ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. രാജ്യത്തെ ആദ്യത്തെ സഹകരണ മെഡിക്കല്‍ കോളേജ് കണ്ണൂരിലെ പരിയാരത്ത് സ്ഥാപിച്ചത് എംവിആര്‍ ആയിരുന്നു. വിഴിഞ്ഞം, അഴീക്കല്‍ തുറമുഖ പദ്ധതികള്‍ കൊണ്ടുവന്നതും അദ്ദേഹമാണ്. പാപ്പിനിശേരിയിലെ വിഷ ചികിത്സ കേന്ദ്രവും അദ്ദേഹത്തിന്റെ സംഭാവനായായിരുന്നു. പത്ത് തവണ നിയമസഭയിലേക്ക് മത്സരിച്ച എംവിആര്‍ ഏഴ് തവണ വിജയിച്ചു. മാടായി, തളിപ്പറമ്പ്, കൂത്തുപറമ്പ്, കഴക്കൂട്ടം, അഴീക്കോട്, തിരുവനന്തപുരം വെസ്റ്റ് തുടങ്ങിയ മണ്ഡലങ്ങളെ അദ്ദേഹം പ്രതിനിധീകരിച്ചു.

അദ്ദേഹത്തിന്റെ നേതൃപാടവവും സംഘാടക മികവും ഏറെ പ്രശംസപിടിച്ചുപറ്റിയിട്ടുണ്ട്. ഒരു കാലത്ത് ഇഎംഎസിനെ പോലും മറികടക്കുന്ന തരത്തില്‍ യുവാക്കളെ അദ്ദേഹം ആകര്‍ഷിച്ചു. സവിശേഷ രീതിയിലുള്ള എംവിആറിന്റെ പ്രസംഗം ശ്രോതാക്കളില്‍ ആവേശം സൃഷ്ടിച്ചു. സിപിഎമ്മിന്റെ ഇപ്പോഴത്തെ കണ്ണൂരില്‍ നിന്നുള്ള പിണറായി വിജയനടക്കമുള്ള നേതാക്കളില്‍ എംവിആറിന്റെ സ്വാധീനമുണ്ടെന്ന് വിലയിരുത്തുന്നവരും ഉണ്ട്.