ജയില്‍ ചാടിയ പ്രതിയെ കണ്ണൂരിലെത്തിച്ചു

Posted on: November 9, 2014 12:24 am | Last updated: November 9, 2014 at 12:24 am

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടശേഷം ഈറോഡില്‍ അറസ്റ്റിലായ തിരൂരങ്ങാടി സ്വദേശി മന്‍സൂറിനെ (28) കണ്ണൂരിലെത്തിച്ചു. കണ്ണൂര്‍ എസ് പിയുടെ സ്‌ക്വാഡിലെ പോലീസുകാരായ രാജീവന്‍, മഹിജന്‍, അനീഷ് എന്നിവരാണ് പ്രതിയെ കണ്ണൂരിലെത്തിച്ചത്.
ജയിലില്‍ നിന്ന് രക്ഷപ്പെട്ടയുടന്‍ കണ്ണൂര്‍ പോലീസ് പ്രതിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാട്‌സ് ആപ്പില്‍ പോസ്റ്റു ചെയ്തിരുന്നു. കേരള പോലീസുമായി ബന്ധമുള്ള തമിഴ്‌നാട്ടിലെ പോലീസുകാര്‍ക്കും ഇതയച്ചു നല്‍കിയിരുന്നു. വാട്‌സ് ആപ്പില്‍ പടം കണ്ട തമിഴ്‌നാട്ടിലെ പോലീസാണ് ഈറോഡ് റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രതിയെ പിടികൂടിയത്. തന്റെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചിപ്പിക്കാത്ത സാഹചര്യത്തിലാണ് താന്‍ ജയില്‍ ചാടിയതെന്നാണ് മന്‍സൂര്‍ പോലീസിനോടു പറഞ്ഞത്.
ശിക്ഷാ കാലവാധി കഴിഞ്ഞിട്ടും തീയതിയിലെ വ്യത്യാസം കാരണം ജയിലധികൃതര്‍ മോചിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കൂടാതെ പരാതിപ്പെട്ടതിന്റെ പേരില്‍ ജയിലില്‍ വെച്ചു മാനസികമായി പീഡിപ്പിച്ചുവെന്നും മന്‍സൂര്‍ പോലീസിനോട് പറഞ്ഞു.
തന്റെ സെല്ലില്‍ അനാവശ്യമായി പരിശോധന നടത്തുന്നതും ജയിലില്‍ നിന്ന് തനിക്കു നല്‍കുന്ന ഭക്ഷണം പോലും പരിശോധനക്കു വിധേയമാക്കുന്നതും പതിവായിരുന്നു. ജയില്‍ ചാടിയ ശേഷം ജയില്‍ വസ്ത്രം മാറി സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്ന് ഉച്ചയോടെ ബസില്‍ കയറി കണ്ണൂരിലേക്കും അവിടെ നിന്ന് കൂത്തുപറമ്പിലേക്കും പോയി. കൂത്തുപറമ്പില്‍ കുറച്ചു സമയം ചെലവഴിച്ച ശേഷം തിരിച്ചു കണ്ണൂരില്‍ വന്നു. തുടര്‍ന്നു ട്രെയിനില്‍ പാലക്കാട്ടേക്കും അവിടെ നിന്നു കോയമ്പൂത്തിലേക്കും പോയി. തന്റ കൈയിലുണ്ടായിരുന്ന ആയിരം രൂപ ഉപയോഗിച്ചാണ് യാത്ര നടത്തിയത്.
ഇതിനിടെ പാലക്കാടും കോയമ്പത്തൂരും ഹോട്ടലുകളില്‍ ജോലി കിട്ടുമോ എന്നും അന്വേഷിച്ചിരുന്നു. എന്നാല്‍ ജോലി കിട്ടിയില്ല. ഇതിനിടെ കൈയിലെ പണം തീര്‍ന്നതോടെ പട്ടിണിയായി. ഈ സമയത്താണ് ഈറോഡില്‍ നിന്ന് തന്നെ പോലീസ് പിടികൂടിയതെന്നു മന്‍സൂര്‍ പറയുന്നു. അതേസമയം പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളും ഇയാള്‍ പറയുന്നുണ്ട്. പ്രതി പറഞ്ഞ കാര്യങ്ങള്‍ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇയാള്‍ക്കു ജയില്‍ചാടാന്‍ പുറത്തു നിന്ന് സഹായം കിട്ടിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ഇയാള്‍ക്കു ചെറിയ ചില മാനസിക പ്രശ്‌നമുള്ളതായും സംശയമുണ്ട്.
മോഷണക്കേസില്‍ ശിക്ഷയനുഭവിച്ചു വരവെ കഴിഞ്ഞ മാസം 27ന് ജയിലിന്റെ മതില്‍ ചാടിയായിരുന്ന മന്‍സൂര്‍ രക്ഷപ്പെട്ടത്. ജയിലിലെ ടി വി ഹാളില്‍നിന്നു പഴയ ജയില്‍ കെട്ടിടത്തിലെ കഴുക്കോല്‍ മതിലില്‍ ചാരിവച്ച് അതുവഴിയാണ് മന്‍സൂര്‍ രക്ഷപെട്ടത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജയില്‍ കോമ്പൗണ്ടിലെ കിഴക്കുവശത്തെ കാട്ടില്‍ മന്‍സൂറിന്റെ ജയില്‍ വസ്ത്രം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ആറ് കളവ് കേസുകളില്‍ പ്രതിയാണു മന്‍സൂര്‍. മലപ്പുറം, തിരൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതികള്‍ വിവിധ കേസുകളിലായി ഇയാളെ നാല് വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.