Connect with us

Kozhikode

കാലിക്കറ്റ് സര്‍വകലാശാലയിലെ സമരക്കുടിലുകള്‍ പോലീസ് പൊളിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡി എസ് യു നടത്തുന്ന സമരത്തിന്റെ ഭാഗമായി ലൈബ്രറിക്ക് മുന്നില്‍ കെട്ടിയ കുടില്‍ പോലീസ് പൊളിച്ചു നീക്കി. കുടില്‍ പൊളിക്കുന്നതിനിടയില്‍ പോലീസ് ബലപ്രയോഗത്തില്‍ കമ്പാരിറ്റീവ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി രഞ്ജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട് 19 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെകിട്ട് വീണ്ടും വിദ്യാര്‍ഥികള്‍ കുടില്‍ പുനസ്ഥാപിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ സി എച്ച് മുഹമ്മദ് കോയ ലൈബ്രറിക്ക് മുന്നില്‍ നടത്തി വരുന്ന രാപ്പകല്‍ സമരം 29 ദിവസവും വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം 23 ദിവസവും പിന്നിട്ടെങ്കിലും സമരം അവസാനിപ്പിക്കുന്നതിന് സര്‍വകലാശാല അധികാരികള്‍ ഇനിയും മുന്നോട്ട് വന്നിട്ടില്ലെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
സമരം തീര്‍പ്പാക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഡി എസ് യു പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ വിവിധയിടങ്ങളില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. കഴിഞ്ഞ മാസം 31നാണ് ലൈബ്രററിക്ക് മുന്നില്‍ ആദ്യ കുടില്‍ നിര്‍മിച്ച് സമരം തുടര്‍ന്നത്.
ഇതാണ് ഇന്നലെ പോലീസ് പൊളിച്ചത്. ക്യാമ്പസില്‍ വിദ്യാര്‍ഥി സമരം തുടരുന്നതിനാല്‍ പഠന വകുപ്പുകളിലെ ഹാജര്‍ നില കുറവാണ്. ഇത് പഠനത്തെ ബാധിക്കുന്നുണ്ട്. സമരത്തെ തുടര്‍ന്ന് ഔദ്യോഗിക വസതിയിലാണ് വൈസ് ചാന്‍സിലര്‍ ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.