എല്ലാ ജില്ലകളിലും ഉടന്‍ സൈനിക വിശ്രമകേന്ദ്രങ്ങള്‍: മുഖ്യമന്ത്രി

Posted on: November 7, 2014 12:42 am | Last updated: November 7, 2014 at 9:43 am

oommen chandy 6തൃശൂര്‍: എല്ലാ ജില്ലകളിലും ഉടന്‍ സൈനിക വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിമുക്തഭടന്‍മാരുടെ സംസ്ഥാന സംഗമവും ജില്ലാ സൈനിക വിശ്രമകേന്ദ്രവും പുത്തോളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സൈനിക വിശ്രമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ റെസ്റ്റ് ഹൗസ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും കോട്ടയം ജില്ലയില്‍ തറക്കല്ലിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുജില്ലകളില്‍ സ്ഥലംകിട്ടുന്നതനുസരിച്ച് ഉടന്‍തന്നെ റെസ്റ്റ്ഹൗസുകള്‍ പണിയും. സൈനികരുടെയും വിമുക്തഭടമാന്‍രുടെയും കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കും. ധീരതാ പുരസ്‌കാരം നല്‍കിവരുന്ന അവാര്‍ഡ് തുക ഒരു ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയായി ഉയര്‍ത്തിയിട്ടുണ്ട്. സൈനിക ക്ഷേമനിധിയില്‍ നിന്നുള്ള സഹായം 10 ലക്ഷം രൂപ വരെയായി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സേവനത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ വിധവകളെ മുഖ്യമന്ത്രി ആദരിച്ചു.
തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. സി എന്‍ ജയദേവന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, മേയര്‍ രാജന്‍ ജെ പല്ലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.