സ്‌കൂള്‍ ബസ് കത്തിനശിച്ചു

Posted on: November 7, 2014 12:13 am | Last updated: November 6, 2014 at 10:13 pm

മഞ്ചേശ്വരം: ദുരൂഹ സാഹചര്യത്തില്‍ സ്‌കൂള്‍ ബസ് കത്തിനശിച്ചു. ഉപ്പള മണ്ണംകുഴി ഹിന്ദുസ്ഥാന്‍ ഗവ. യു പി സ്‌കൂളിന്റെ ബസാണ് ഇന്നലെ രാവിലെ കത്തിയ നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടിലെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടതായിരുന്ന ബസ്. രാവിലെ നാട്ടുകാരാണ് ബസ് കത്തിയ നിലയില്‍ കണ്ടത്. വിവരം ഉടന്‍ സ്‌കൂള്‍ അധികൃതരെയും മഞ്ചേശ്വരം പോലീസിനെയും അറിയിക്കുകയായിരുന്നു.
പി ബി അബ്ദുറസാഖ് എം എല്‍ എയുടെ വികസനഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ചു ഒരു വര്‍ഷം മുമ്പ് വാങ്ങിയതാണ് ബസ്. യന്ത്രത്തകരാറു കാരണം മൂന്നു മാസമായി ബസ് സ്‌കൂള്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. ബാറ്ററി തകരാറായതിനാല്‍ ഷോട്ട്‌സര്‍ക്യൂട്ട് ഉണ്ടാവാനിടയില്ലെന്നാണ് കരുതുന്നത്. ബസിന് തീ വെച്ചുവെന്നാണ് പൊലീസും നാട്ടുകാരും സംശയിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്ത മഞ്ചേശ്വരം എസ് ഐ പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.