Connect with us

National

രജനീകാന്തിന് വേണ്ടി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിടിവലി

Published

|

Last Updated

ചെന്നൈ: പ്രമുഖ നടന്‍ രജനീകാന്തിനായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പിടിവലി. കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന ജി കെ വാസന്റെ കൂടെ രജനീകാന്ത് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അദ്ദേഹം ഒരു പാര്‍ട്ടിയോടും ആഭിമുഖ്യം കാണിക്കരുതെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയത്തില്‍ പ്രവേശിക്കാതിരിക്കുന്നതാണ് രജനീകാന്തിന് നല്ലതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവന്‍ പറഞ്ഞു. ബി ജെ പി നേരത്തേ തന്നെ രജനീകാന്തിനെ സഹകരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിനിടെ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കണമെങ്കില്‍ രജനിയെപ്പോലെ ഒരാളുടെ പിന്തുണ അനിവാര്യമാണെന്ന് ബി ജെ പി വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന സൂചനയൊന്നും നല്‍കിയിരുന്നില്ല.
“രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നാണ് എന്റെ അഭിപ്രായം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അദ്ദേഹത്തിന് ഇഷ്ടക്കാരുണ്ട്. തമിഴ് ജനത അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു. ” – ഇളങ്കോവന്‍ പറഞ്ഞു. ചെറു വൃത്തത്തിലേക്ക് ചുരുങ്ങുന്നത് രജനീകാന്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മതേതരത്വത്തോട് പ്രതിബദ്ധതയുള്ള രജനീകാന്ത് അടക്കം ആരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാസന്റെ പിതാവ് ജി കെ മൂപ്പനാര്‍ 1996ല്‍ തമിഴ് മാനിലാ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ രജനീകാന്ത് പിന്തുണച്ചിരുന്നു.
ഈ ചരിത്രം ചൂണ്ടിക്കാട്ടിയാണ് വാസന്റെ പാര്‍ട്ടിയെ അദ്ദേഹം പിന്തുണക്കുമെന്ന വിലയിരുത്തല്‍ നടക്കുന്നത്.