മനോജ് വധം: അന്വേഷണത്തിന് സി ബി ഐ സംഘമെത്തി

Posted on: November 6, 2014 5:20 am | Last updated: November 5, 2014 at 11:21 pm

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസന്വേഷിക്കാന്‍ സി ബി ഐ സംഘമെത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സി ബി ഐ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയത്. ക്രൈം ബ്രാഞ്ച് എസ് പി. രാമചന്ദ്രന്‍, ഡി വൈ എസ് പി മാരായ കെ വി സന്തോഷ്, എം ജെ സോജന്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. അന്വേഷണത്തിനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് പി ഉണ്ണിരാജയുമായും ചര്‍ച്ച നടത്തി.
തൊണ്ടി മുതലുകളും കേസന്വേഷണം സംബന്ധിച്ചു ഇതുവരെ ക്രൈംബ്രാഞ്ച് ശേഖരിച്ച രേഖകളും വിട്ടുകിട്ടുന്നതിന് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കുമെന്നറിയുന്നു.
കോളിളക്കം സൃഷ്ടിച്ച ഫസല്‍ വധക്കേസന്വേഷണത്തിന് ശേഷം തലശ്ശേരിയില്‍ സി ബി ഐ ഏറ്റെടുക്കുന്ന രാഷ്ട്രീയ കൊലക്കേസാണ് മനോജിന്റേത്. കണ്ണൂരില്‍ ക്യാമ്പ് ചെയ്താവും അന്വേഷണമെന്നാണ് സൂചന.
എന്നാല്‍ തലശ്ശേരിയില്‍ നിലവിലുള്ള ക്യാമ്പ് ഓഫീസും അന്വേഷണത്തിന് ഉപയോഗപ്പെടുത്തും.