ശബരിമല വികസനം: 900 ഹെക്ടര്‍ ഭൂമി കേന്ദ്രത്തോട് ആവശ്യപ്പെടും

Posted on: November 6, 2014 5:17 am | Last updated: November 5, 2014 at 11:18 pm

shabarimalaതിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതിനായി 900 ഹെക്ടര്‍ വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സന്നിധാനം-പമ്പ മേഖലകളില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ നിന്ന് വേര്‍പെടുത്തി 500 ഹെക്ടര്‍ വനഭൂമിയും, നിലക്കല്‍, പൂര്‍ണമായും ബേസ്‌ക്യാമ്പാക്കി മാറ്റുന്നതിന് 400 ഹെക്ടര്‍ ഭൂമിയും ഇതിനാവശ്യമായ സാമ്പത്തിക സഹായവുമാണ് ആവശ്യപ്പെടുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തയ്യാറാക്കിയ ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണമായും നടപ്പിലാക്കുന്നതിന് 1250 കോടി രൂപ അനുവദിക്കണമെന്നും പമ്പ നദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള, ആക്ഷന്‍പ്ലാനിന്റെ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെടും. നിലക്കല്‍-പമ്പ മോണോറെയില്‍ സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക, കേന്ദ്ര സര്‍ക്കാരിന്റെ പില്‍ഗ്രിം റെജുനറേഷന്‍ സ്പിരിച്വല്‍ ഓഗ്മെന്റേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതിയില്‍ ശബരിമലയെക്കൂടി ഉള്‍പ്പെടുത്തുക, പില്‍ഗ്രിം ടൂറിസത്തില്‍ ശബരിമലയെ ഉള്‍പ്പെടുത്തി നിലക്കലിലും മറ്റു ഇടത്താവളങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ധനസഹായം നല്‍കുക, ദേശീയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഉള്‍പ്പെടുത്തി ശബരിമലയുടെ സുരക്ഷാ സംവിധാനത്തിന് പദ്ധതി തയ്യാറാക്കുക, ശബരിമലയില്‍ യു ജി, എ ബി സി കേബിള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം സുഗമമാക്കാന്‍ സഹായം അനുവദിക്കുക. ശബരിമല തീര്‍ത്ഥാടകര്‍ക്കായി മള്‍ട്ടി പര്‍പ്പസ് ആശുപത്രി സ്ഥാപിക്കാന്‍ സഹായം നല്‍കുക, അനുബന്ധ റോഡുകളുടെയും ഇടത്താവളങ്ങളുടെയും നിര്‍മാണത്തിന് 750 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുക. ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുക. കുന്നാര്‍ ഡാം വിപുലീകരണ പദ്ധതി നടപ്പിലാക്കി, ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുവാന്‍ ധനസഹായം അനുവദിക്കുക. നിലക്കലില്‍ വേദ-താന്ത്രിക് സര്‍വകലാശാല സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിക്കും. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പദ്ധതി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ ജയകുമാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയും നടത്തി. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായര്‍, മെമ്പര്‍മാരായ സുബാഷ് വാസു, പി കെ കുമാരന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ ആര്‍. ജ്യോതിലാല്‍, ബോര്‍ഡ് കമ്മീഷണര്‍ പി വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍മാരായ പി എസ് ജോളി ഉല്ലാസ്, ജി മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശങ്കരന്‍ പോറ്റി, ശബരിമല ഹൈപ്പവര്‍ കമ്മിറ്റിയുടെ ആര്‍ക്കിടെക്ട് മഹേഷ് എന്നിവര്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ തീര്‍ഥാടനം സുഗമമാക്കുന്നതിന് വിവിധ സൗകര്യങ്ങളൊരുക്കുന്ന കാര്യങ്ങളിലും യോഗം തീരുമാനമെടുത്തു.