Connect with us

Kerala

കയര്‍ തൊഴിലാളികള്‍ക്ക് ഇലക്‌ട്രോണിക് റാട്ടുകള്‍ നിര്‍മിച്ച് നല്‍കും

Published

|

Last Updated

തിരുവനന്തപുരം: കയര്‍ മേഖലയിലെ തൊഴിലാളികളുടെ അധ്വാനഭാരം ലഘൂകരിച്ച് യന്ത്രവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രോണിക് റാട്ടുകള്‍ നിര്‍മിച്ചുനല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അടൂര്‍ പ്രകാശ്. കേരളത്തില്‍ കയറുത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി തൊണ്ട് സംഭരണം കാര്യക്ഷമമാക്കുമെന്നും വിപണനമേളകള്‍ സംഘടിപ്പിച്ചും മേളകളില്‍ പങ്കെടുത്തും ആഭ്യന്തര കയറ്റുമതി മേഖല ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണത്തില്‍ സംഭവിച്ച ക്രമക്കേട് അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കയര്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മന്ത്രി ഇക്കാരം വ്യക്തമാക്കിയത്. ദിനാചരണത്തിന്റെ ഉദ്ഘാടനവും, കയര്‍ അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
കയര്‍ മേഖലയിലെ ദീര്‍ഘകാല അനുഭവസമ്പത്തിനും സംഭാവനകള്‍ക്കുമുള്ള പുരസ്‌കാരം (50000 രൂപ) ആലപ്പുഴ പാതിരപ്പള്ളി കുന്നത്ത്കാവില്‍ പി വി സത്യനേശന്‍ ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയ സ്ഥാപനത്തിനുള്ള പുരസ്‌കാരത്തിന് (50000 രൂപ) ആലപ്പുഴ വളവനാടിലെ ഡി സി മില്‍സ് അര്‍ഹത നേടി. മികച്ച തൊഴിലാളിബന്ധം നിലനിര്‍ത്തി കയറ്റുമതി നടത്തിയ സ്ഥാപനത്തിനുള്ള 50000 രൂപയുടെ അവാര്‍ഡിന് പാം ഫൈബര്‍ പാതിരപ്പള്ളി അര്‍ഹമായി. ഏറ്റവും നല്ല സഹകരണ സംഘങ്ങളായി തിരഞ്ഞെടുത്ത ചിങ്ങോലി വെസ്റ്റ് സംഘം എ 695കായംകുളം, നെടുമ്പ്രക്കാട് എ552 ആലപ്പുഴ, ചെറുവാരണം, എ989 ആലപ്പുഴ, ചേര്‍ത്തല താലൂക്ക് എ886 ആലപ്പുഴ എന്നീ സംഘങ്ങള്‍ക്ക് 50000 രൂപ വീതം അവാര്‍ഡ് തുകയായി സമ്മാനിച്ചു.
ഏറ്റവും മികച്ച സഹകരണസംഘം പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട ഡി അനിരുദ്ധന്‍ ചിങ്ങോലി വെസ്റ്റ്, എസ് ചെല്ലപ്പന്‍ ചെറുവാരണം, എം ജി സാബു പോളക്കാട്, ഏറ്റവും നല്ല സഹകരണസംഘം മാനേജര്‍, സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട മോളി കെ നെടുമ്പ്രക്കാട്, പി വി റജുല ചേര്‍ത്തല താലൂക്ക് എം എം നിഷ്‌കളന്‍ ചെറുവാരണം, ഏറ്റവും നല്ല സഹകരണസംഘം തൊഴിലാളികളായി പുഷ്പജ ജി കിഴക്കേക്കര തെക്ക് കായംകുളം, എം ടി ഗിരിപ്രസാദ് ചെറുവാരണം എന്നിവര്‍ക്ക് 10000 രൂപ വീതം നല്‍കി. പ്രോജക്ട് തലത്തിലും പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ഹാജി, അഡ്വ. ഡി സുഗതന്‍, എ കെ രാജന്‍, കെ ആര്‍ രാജേന്ദ്രപ്രസാദ്, കെ എം രാജു, സി വേണുഗോപാലന്‍നായര്‍, കെ ആര്‍ അനില്‍, പാളയം രാജന്‍, ബി ശ്രീകുമാര്‍, എ അബ്ദുസ്സലിം, കയര്‍ ബോര്‍ഡ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. ജോസിറ്റ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

Latest