Connect with us

Kerala

കരിപ്പൂരില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published

|

Last Updated

കോഴിക്കോട്: ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്നും 24 ലക്ഷം രൂപയുടെ വിദേശ സ്വര്‍ണം പിടികൂടി. ബുധനാഴ്ച രാത്രി 8.30 ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ സുല്‍ത്താന്‍ ബത്തേരി സ്വദേശി ടി എം സുലൈമാനി (47) ല്‍ നിന്നാണ് നൂറു പവനിലേറെ വരുന്ന 24 കാരറ്റ് സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
ബാഗേജിനുള്ളിലെ മ്യൂസിക് സിസ്റ്റത്തിലെ രണ്ടു സ്പീക്കറുകള്‍ക്കകത്തായാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. സ്പീക്കറിന്റെ മാഗ്‌നറ്റുകള്‍ക്കു ചുറ്റും വളയത്തിന്റെ ആകൃതിയിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. പരിശോധന കഴിഞ്ഞ് ഗ്രീന്‍ചാനലിലൂടെ പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനെടെയാണ് ഇയാള്‍ പിടിയിലായത്. സ്വര്‍ണം പിടികൂടുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താനായി സ്വര്‍ണത്തില്‍ മെര്‍ക്കുറി പൂശിയിരുന്നതായി കണ്ടെത്തി.
ഇന്ത്യയില്‍ ഇതാദ്യമായാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനായി സ്വര്‍ണത്തില്‍ മെര്‍ക്കുറി പൂശിയ നിലയില്‍ സ്വര്‍ണം പിടിച്ചെടുക്കുന്നത്. റാസല്‍ഖൈമയില്‍ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോള്‍ സുഹൃത്ത് പരിചയപ്പെടുത്തിയ കോഴിക്കോട് സ്വദേശി സുല്‍ഫിക്കറാണ് സ്വര്‍ണം തന്ന് ഏല്‍പ്പിച്ചതെന്ന് സുലൈമാന്‍ മൊഴി നല്‍കി. സുല്‍ത്താല്‍ ബത്തേരിയിലേക്കുള്ള യാത്രക്കിടയില്‍ എവിടെയെങ്കിലും വെച്ച് കൈപറ്റാമെന്ന് അറിയിച്ചിരുന്നെന്നും സുലൈമാന്‍ പറഞ്ഞു.
എന്നാല്‍ സ്വര്‍ണമടങ്ങിയ ബാഗേജ് ആദ്യഘട്ടത്തില്‍ തന്റേതാണെന്ന് പറഞ്ഞ സുലൈമാന്‍ പിന്നാടാണ് കോഴിക്കോട് സ്വദേശിയുടെ പേര് വെളിപ്പെടുത്തുന്നത്. ഇതിനായി ഇരുപത്തയ്യായിരം രൂപയും ടിക്കറ്റു ചാര്‍ജുമാണ് പ്രതിഫലമായി നല്‍കാമെന്ന് പറഞ്ഞിരുന്നത്. സ്വര്‍ണം സൂക്ഷിച്ച സ്പീക്കറുകള്‍ക്കു പുറമെ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ബാഗേജിലുണ്ടായിരുന്നു. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരായ ലോകേഷ് ഡാമര്‍, ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എന്‍ എസ് എ പ്രസാദ്, പി രജിത്, യു ബാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണവേട്ട നടത്തിയത്.

Latest