പ്രവാസികളുടെ പുസ്തകങ്ങള്‍ നിരവധി

Posted on: November 5, 2014 5:14 pm | Last updated: November 5, 2014 at 5:14 pm

Untitled-1 copyദുബൈ: പ്രവാസികളുടെ നിരവധി പുസ്തകങ്ങളാണ് ഇത്തവണത്തെ ഇന്ത്യന്‍ പവലിയന്റെ സവിശേഷത. നോവല്‍, ചെറുകഥ, ലേഖനം എന്നിങ്ങനെ വിവിധ ശാഖകളിലായാണ് പുസ്തകങ്ങള്‍.
രണ്ടായിരത്തിലേറെ മൃതദേഹങ്ങള്‍ ലോകത്തിന്റെ വിവിധരാജ്യങ്ങളിലേക്ക് കയറ്റിയയച്ച അജ്മാനിലെ അഷ്‌റഫ് എന്ന സാമുഹ്യ സേവകന് സമര്‍പ്പിച്ച് ഒ എം അബൂബക്കറിന്റെ മരണപുസ്തകം എന്ന നോവല്‍ പത്മശ്രീ എം എ യൂസുഫലി പ്രകാശനം ചെയ്യും.
അഷ്‌റഫ് കയറ്റിവിട്ട രണ്ടായിരം മയ്യത്തുകളുടെ കഥ കുറിച്ചുവെച്ച ഒരു പുസ്തകം നോവലിസ്റ്റ് വായിക്കുന്ന രൂപത്തിലാണ് നോവല്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഒ എം അബൂബക്കര്‍ പറഞ്ഞു. ഷാര്‍ജയില്‍ ടി വി പ്രൊഡക്ഷന്‍ യൂനിറ്റില്‍ പ്രോഗ്രാം ഡയരക്ടറായി ജോലി ചെയ്യുന്ന ഒ.എം അബൂബക്കര്‍ കണ്ണൂര്‍ പുറത്തീല്‍ സ്വദേശിയാണ്. അദ്ദേഹത്തിന്റെ ആദ്യനോവലാണിത്.
സ്വന്തം പട്ടണവും ഗ്രാമവും വിട്ട് രാജ്യാതിര്‍ത്തികള്‍ താണ്ടി ഭാഗ്യം തേടി യാത്ര പുറപ്പെട്ടവരുടെ നൊമ്പരങ്ങളാണ് ഡോ. വി. ശോഭ എഡിറ്റു ചെയ്ത വീടു മാറുന്നവര്‍ എന്ന പുസ്തകം. അറേബ്യന്‍ പ്രവാസ സാഹിത്യത്തെ വിശകലനം ചെയ്യുന്ന രചനകളെക്കുറിച്ചാണ് ഈ പുസ്തകത്തിന്റ പ്രതിപാദ്യം. നാം മലയാളി കാലങ്ങളായി സഞ്ചാരത്തിലാണ്. അത് പുണ്യസ്ഥലങ്ങള്‍ കാണാനോ നാടു കാണാനോയുള്ള യാത്രകളായിരുന്നില്ല ഒരു കാലത്തും. അവന്‍ പഷ്ണിക്ക് പരിഹാരം തേടിയായിരുന്നു നാടും നാഗരവും ജനപഥങ്ങളും കടലും താണ്ടി പുതിയ ഭൂമികകളിലേക്ക് ചേക്കേറിയത്.
യാത്രയുടെ ദൂരം കൂടുന്തോറും നാം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ ആഴവും പരപ്പും പതിന്മടങ്ങാവുമെന്ന് അറേബ്യന്‍ പ്രവാസ സാഹിത്യത്തെ വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു. നാട്ടില്‍ സ്ഥിരതാമസമാക്കിയവരും വിദേശങ്ങളിലേക്ക് ചേക്കേറിയവരും രചിച്ച രചനകളാണ് പ്രവാസ സാഹിത്യത്തിന്റെ ചട്ടക്കൂടില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. പ്രവാസത്തിന്റെ അനുഭവങ്ങളെ ആധാരമാക്കി പ്രത്യക്ഷപ്പെട്ട ഒട്ടേറെ സാഹിത്യ സൃഷ്ടികളെ ഉള്‍പെടുത്തിയാണ് ഇത്തരം ഒരു കൃതി രൂപപ്പെടുത്തിയിരിക്കുന്നതെന്ന് പുസ്തകം പ്രസദ്ധീകരിച്ച തൃശൂരിലെ ഗ്രീന്‍ ബുക്‌സ് എം ഡി കൃഷ്ണദാസ് ആമുഖത്തില്‍ വിശദീകരിക്കുന്നു. ഡോ. വി രാജകൃഷ്ണന്‍, ടി വി കൊച്ചുബാവ, ബാബു ഭരദ്വാജ്, ബെന്യാമിന്‍, എന്‍ എസ് മാധവന്‍, വി മുസഫര്‍ അഹമ്മദ്, ഖദീജ മുംതസ്, കെ എം അബ്ബാസ്, മനു റഹ്മാന്‍, ഹംസ ന്യൂ മാഹി എന്‍ രാധാകൃഷണന്‍, ഡോ. ബി പാര്‍വതി, റഷീദ് പാറയ്ക്കല്‍ തുടങ്ങിയ നിരവധി പേരുടെ കൃതികളുമായ വിവരണങ്ങളാണ് ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.
ഭാഗ്യം തേടി ഗള്‍ഫ് നാടുകളിലേക്ക് പോയവരുടെ യാത്രാനുഭവങ്ങളാണ് മനു റഹ്മാന്റെ കടല്‍ കടന്നവര്‍ എന്ന പുസ്തകത്തിന്റെ വിഷയം. ഗ്രീന്‍ ബുക്‌സ് പ്രസദ്ധീകരിച്ചിരിക്കുന്ന പുസ്തകം ഗള്‍ഫിലേക്ക് അത്തരം യാത്ര നടത്തിയവരുടെ യാത്രാ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യത്തെ പുസ്തകമാണ്. ദരിദ്രമായ ജീവിത സാഹചര്യത്തില്‍ നിന്നുള്ള മോചനമായിരുന്നു യാത്ര തിരിച്ചവരുടെ ലക്ഷ്യമെന്ന്് പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ ഗ്രീന്‍ ബുക്‌സ് വ്യക്തമാക്കുന്നു. മലബാറില്‍ നിന്നു നിധി തേടി പോവുകയും ഒന്നുമാവാതെ തിരിച്ചെത്തുകയും ചെയ്തവരും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ 17 പേരുടെ അനുഭവങ്ങളിലുണ്ട്.
സിറാജ്, ഡി സി ബുക്‌സ്, ഗ്രീന്‍ബുക്‌സ്, മാതൃഭൂമി, ലിപി, കൈരളി, രിസാല തുടങ്ങിയ പവലിയനുകളിലെല്ലാം ഗള്‍ഫിലെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ലഭ്യമാകും.