Connect with us

Gulf

പുസ്തകമേള ഇന്നു മുതല്‍; വായനക്കാര്‍ ആവേശത്തില്‍

Published

|

Last Updated

ഷാര്‍ജ: പുസ്തകങ്ങളുടെ വന്‍കരകള്‍ എത്തുന്ന ഈ വര്‍ഷത്തെ രാജ്യാന്തര പുസ്തകമേള ഇന്ന് ആരംഭിക്കും. 15 വരെയാണ് മേള. പുസ്തക മേളയുടെ ഒരുക്കം പൂര്‍ത്തിയായതായി ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക് ഫെയര്‍ ഡയറക്ടര്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി പറഞ്ഞു. ഷാര്‍ജ അല്‍തആവൂന്‍ മാളിനു സമീപത്തെ എക്‌സ്‌പോ സെന്ററിലാണ് മേള. വെള്ളി ഒഴികെ രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയാണ് മേള. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആരംഭിക്കും. പ്രവേശനം സൗജന്യം.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള പുസ്തകമേളകളിലൊന്നാണ് ഷാര്‍ജയിലേത്. കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തോളം ആളുകള്‍ പുസ്തകമേള സന്ദര്‍ശിച്ചിരുന്നു. പത്ത് ലക്ഷത്തിലധികം കൃതികളാണ് രാജ്യാന്തര പുസ്തകമേളയിലേക്കെത്തുന്നത്.
ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പുസ്തകോത്സവം. 33-ാം വര്‍ഷത്തിലേക്ക് പുസ്തകമേള കടന്നിരിക്കുകയാണ്. 1,256 പ്രസാധകരാണ് ഇത്തവണ എത്തുക. 59 രാജ്യങ്ങളില്‍ നിന്ന് പ്രസാധകരും എഴുത്തുകാരും സന്ദര്‍ശകരുമെത്തും.
പ്രസാധകരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 35 രാജ്യങ്ങളില്‍ നിന്ന് പ്രസാധകര്‍ ഉണ്ട്. ഐസ്‌ലാന്റ്, ഫിന്‍ലാന്‍ഡ്, മെക്‌സികോ, ക്രൊയേഷ്യ, ലാത്ത്‌വിയ, സ്ലോവേനിയ, ഹങ്കറി, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ പുതുതായി പങ്കെടുക്കും. അറബ് ലോകത്ത് നിന്ന് ഈജിപ്തിലെ മുന്‍ വിദേശ കാര്യ മന്ത്രി അഹമ്മദ് അബൂ അല്‍ ഗെയ്ത്ത്, അറബ് മേഖലയിലെ പ്രമുഖ എഴുത്തുകാരന്‍ അഹ്‌ലം മുസ്തഗ്‌നാമി, അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ മുന്‍ പ്രസിഡന്റ് ഡോ. അഹമ്മദ് ഉമര്‍ ഹാഷിം തുടങ്ങിയ പ്രമുഖര്‍ എത്തും. അബ്ദുല്‍ അസീസ് അല്‍ തുവൈജിരി വിശിഷ്ടാതിഥിയായിരിക്കും.
മേളയില്‍ അതിഥിയായി പ്രസിദ്ധ നോവലിസ്റ്റ് ഡാന്‍ബ്രൗണ്‍ എത്തും. രാജ്യാന്തര തലത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ ദി ഡാവിഞ്ചി കോഡിന്റെ രചയിതാവാണ് ഡാന്‍ ബ്രൗണ്‍. നവംബര്‍ ആറ് വൈകുന്നേരം 7.30നാണ് അദ്ദേഹം സംസാരിക്കുകയെന്ന് ഡയറക്ടര്‍ അഹ്മദ് അല്‍ അമീരി അറിയിച്ചു.
മലയാളത്തില്‍ നിന്ന് കഥാകാരന്‍ സേതു, എഴുത്തുകാരനും എംപിയുമായ ശശി തരൂര്‍, എം പി വീരേന്ദ്രകുമാര്‍, ചലച്ചിത്ര നടി മഞ്ജുവാര്യര്‍, കവി മധുസൂദനന്‍നായര്‍, നോവലിസ്റ്റ് കെ ആര്‍ മീര, പി പി രാമചന്ദ്രന്‍ തുടങ്ങിയവരും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരായ ചേതന്‍ ഭഗത്, അമിതാവ് ഘോഷ്, അമിഷ് ത്രിപതി, ശിവ് കേദാര്‍ എന്നിവരുമടക്കം ഇന്ത്യയില്‍ നിന്ന് ഇരുപതിലേറെ പേരെത്തും. കൂടാതെ, വിവിധ ഭാഷകളില്‍ നിന്ന് ലോകോത്തര സാഹിത്യകാരന്മാര്‍ മേളയില്‍ സംബന്ധിക്കും. മഞ്ജു വാര്യര്‍ തന്റെ ആദ്യ പുസ്തകമായ സല്ലാപവും ചേതന്‍ ഭഗത് ഏറ്റവും പുതിയ നോവലായ ഹാഫ് ഗേള്‍ഫ്രണ്ടും പരിചയപ്പെടുത്തും.
മീറ്റ് ദ സ്‌കോളര്‍ പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി സംബന്ധിക്കും. നവംബര്‍ 12നാണ് പരിപാടി.
മലയാളത്തില്‍ നിന്ന് ഡിസി ബുക്‌സ്, മാതൃഭൂമി, ഗ്രീന്‍ ബുക്‌സ്, ലിപി, ഒലിവ്, കൈരളി, ചിന്ത, ലീഡ് ബുക്‌സ്, പ്രവാസി രിസാല തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്ന് ലക്ഷം അറബ് ടൈറ്റിലുകളും 85,000 ഇതര ടൈറ്റിലുകളും പ്രദര്‍ശിപ്പിക്കും. പുസ്തക പ്രദര്‍ശനവും വില്‍പനയും കൂടാതെ, സെമിനാറുകള്‍, ശില്‍പശാലകള്‍, പ്രഭാഷണങ്ങള്‍, പുസ്തക പ്രകാശനം, ബുക്ക് സൈനിങ്, അതിഥികള്‍ക്ക് ആദരം, നാടകങ്ങള്‍, നാടന്‍ കലകള്‍, കുട്ടികളുടെ പരിപാടികള്‍, തത്സമയ പാചകം തുടങ്ങിയവ അരങ്ങേറും. പ്രവാസി മലയാളികളുടെ പുസ്തക പ്രകാശനവുമുണ്ടായിരിക്കും. സിറാജ് ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ പവലിയനും ചിത്രരചനാ മത്സരവും ഉണ്ടാകും.
പുസ്തകോത്സവത്തില്‍ അറബ് ബുക്കര്‍ പ്രൈസ് കരസ്ഥമാക്കിയ എഴുത്തുകാര്‍ പങ്കെടുക്കും. അറബ് ബുക്കര്‍ പ്രൈസ് ജേതാക്കളും ഇതിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരും ഉള്‍പ്പെടെ 13 നോവലിസ്റ്റുകളാണ് പങ്കെടുക്കുക. ഇന്ന് ഉച്ചക്ക് 12ന് ഇന്ത്യന്‍ പവലിയന്‍ യു എ ഇ യിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം ഉദ്ഘാടനം ചെയ്യും. വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ ഇളവുകളാണ് പുസ്തകങ്ങള്‍ക്കായി നല്‍കുന്നത്. നാളെ രാത്രി ഒമ്പതിന് നടി മഞ്ജുവാര്യര്‍ സദസുമായി സംവദിക്കും. വെള്ളി ആറ് മണിക്ക് സാഹിത്യ അക്കാദമിയുടെ ചടങ്ങില്‍ കവി ആലാങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തും.
രാത്രി എട്ടരക്ക് നടക്കുന്ന കവി സമ്മേളനത്തില്‍ സുഗതകുമാരി, കെ ജി ശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാര്‍, വി മധുസൂദനന്‍ നായര്‍, പ്രഭാ വര്‍മ, പി പി രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും. ശനി അഞ്ചരക്ക് എഴുത്തും രാഷ്ട്രീയവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, എന്‍ ബി ടി ചെയര്‍മാന്‍ സേതു, കവി ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. രാത്രി ഗായകനോടൊത്ത് ഒരു സായാഹ്നം എന്ന പരിപാടിയില്‍ ജി വേണുഗോപാല്‍, മധുസൂദനന്‍ നായര്‍, പ്രഭാ വര്‍മ്മ എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച രാവിലെ പത്തിന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും. രാത്രി എട്ടരക്കുള്ള പൊതുസമ്മേളനത്തിലും തരൂര്‍ പ്രസംഗിക്കും. 11ന് രാത്രി എട്ടരക്ക് പ്രശസ്ത എഴുത്തുകാരനായ ശിവ് ഖേര, 13 ന് അമിതാവ് ഘോഷ്, 14 ന് ആറരക്ക് കെ ആര്‍ മീര, എട്ടരക്ക് ചേതന്‍ ഭഗത്ത് എന്നിവരും പ്രസംഗിക്കും.

 

Latest