Connect with us

International

അധികാരം ഒഴിയാമെന്ന് സൈനിക നേതൃത്വം

Published

|

Last Updated

ഒവാഗദൗഗോ: ബുര്‍കിനാ ഫാസോയുടെ അധികാരം പുതിയ സര്‍ക്കാറിന് ഉടന്‍ കൈമാറുമെന്നും പുതിയ നേതാവിനെ നിശ്ചയിക്കുമെന്നും സൈനിക മേധാവിയും ഇടക്കാല പ്രസിഡന്റുമായ കേണല്‍ ഇസാക് സിദ.
കാര്യങ്ങള്‍ വേഗത്തിലാണ് നീക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അബദ്ധങ്ങള്‍ സംഭവിച്ചാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും. അധികാരം പിടിച്ചെടുത്ത് രാജ്യഭരണം നടത്താനല്ല ഉദ്ദേശിക്കുന്നത്. നിലവിലെ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണ് ഇപ്പോഴത്തെ തങ്ങളുടെ ഈ നീക്കം. വ്യത്യസ്ത സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുതിയ ഒരു നേതാവിനെ നിശ്ചയിക്കുമെന്നും പ്രസിഡന്റ് സിദ ചൂണ്ടിക്കാട്ടി. എന്നാല്‍, പുതിയതായി നിശ്ചയിക്കപ്പെടുന്ന നേതാവ് ഏത് തരക്കാരനാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
പതിനായിരക്കണക്കിന് ആളുകള്‍ സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് 27 വര്‍ഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം മുന്‍ പ്രസിഡന്റ് രാജിവെച്ചൊഴിഞ്ഞത്. ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയ പ്രതിഷേധക്കാര്‍ പാര്‍ലിമെന്റ് കെട്ടിടത്തിന് തീ വെക്കുകയും ചെയ്തിരുന്നു.
ബുര്‍കിനാ ഫാസോയുടെ അയല്‍രാജ്യങ്ങളും സുഗമമായ രീതിയില്‍ ഇവിടെ അധികാര കൈമാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. സൈനിക ഭരണത്തിനെതിരെ രാജ്യവ്യാപകമായി ഇപ്പോഴും ശക്തമായ പ്രതിഷേധം അരങ്ങേറുന്നുണ്ട്. രണ്ടാഴ്ചത്തെ സമയമാണ് സൈന്യത്തിന് ആഫ്രിക്കന്‍ യൂനിയനും സുരക്ഷാ കൗണ്‍സിലും നല്‍കിയിരിക്കുന്നത്. ഇതിനുള്ളില്‍ ഭരണഘടനാപരമായ ഭരണത്തിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുവരണം. അല്ലെങ്കില്‍ ഉപരോധം പോലുള്ള നടപടികള്‍ നേരിടേണ്ടി വരും.

Latest