Connect with us

Gulf

വാദിയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ യുവാവിന്റെ ശ്രമം; രണ്ടുപേരും മരിച്ചു

Published

|

Last Updated

ഫുജൈറ: കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ രൂപപ്പെട്ട വാദിയില്‍ വീണ് ഏഴു വയസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. വീടിനടുത്തുള്ള മഴവെള്ളം നിറഞ്ഞ ഏഴു മീറ്റര്‍ ആഴമുള്ള വാദിയിലായിരുന്നു അപകടം.
കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിലാണ് വാദി നിറഞ്ഞു കവിഞ്ഞത്. അല്‍ അൗഹല മേഖലയില്‍ മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കവേയായിരുന്നു ഏഴു വയസുകാരന്‍ അപകടത്തില്‍പ്പെട്ടത്. കുട്ടിയുടെ നിലവിളികേട്ട് രക്ഷിക്കാന്‍ കുളത്തിലേക്ക ചാടിയ 19 വയസുള്ള യുവാവും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. സംഭവത്തിന് ദൃസാക്ഷിയായ ഒരാള്‍ സമീപത്തെ വീട്ടുകാരെ കുളത്തില്‍ വീണവരെ രക്ഷിക്കാനായി വിളിക്കുമ്പോഴേക്കും രണ്ടു പേരും കുളത്തില്‍ മുങ്ങിത്താണിരുന്നു. അപകടത്തില്‍പ്പെട്ട ബാലനെയും യുവാവിനെയും ഉടന്‍ കല്‍ബ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചതായി ബോധ്യപ്പെടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു അപകടം.
അല്‍ അൗഹലയില്‍ ഇരുവരെയും ഇന്നലെ സംസ്‌കരിച്ചു. വൈകുന്നേരം 5.30നായിരുന്നു പോലീസിലേക്ക് ഇതുമായി ബന്ധപ്പെട്ട് സഹായത്തിനായി കോള്‍ ലഭിച്ചതെന്ന് ഫുജൈറ പോലീസിന്റെ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മേജര്‍ ഡോ. സഈദ് അല്‍ ഹസനി വ്യക്തമാക്കി. സംഭവത്തിന്റെ വെളിച്ചത്തില്‍ മഴവെള്ളത്തില്‍ കളിക്കാന്‍ ഇറങ്ങുന്ന കുട്ടികളെ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest