പ്രസവാനന്തരം ആനുകൂല്യം ലഭിക്കുന്നില്ലെന്ന്

Posted on: November 4, 2014 12:48 pm | Last updated: November 4, 2014 at 12:52 pm

വടക്കഞ്ചേരി: പ്രസവാനന്തരം സ്ത്രീകള്‍ക്ക് നല്‍കുന്ന ധനസഹായം മൂന്ന് വര്‍ഷത്തോളമായി ലഭിക്കുന്നില്ലെന്ന് പരാതി. കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി മാതൃത്വസഹയോഗ് യോജനപദ്ധതി പ്രകാരമുള്ള ആറായിരം രൂപയുടെ ധനസഹായമാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത്.
ധനസഹായവിതരണം ഓണ്‍ലൈനാക്കി മാറ്റിയതിനുശേഷമാണ് പണം ലഭിക്കാതായതെന്ന് പറയുന്നു. നേരത്തെ ഐസിഡിഎസ് വഴിയാണ് പ്രസവിച്ച സ്ത്രീകള്‍ക്ക് ആറ് മാസത്തിനുള്ളില്‍ ധനസഹായം നല്‍കിയിരുന്നത്. എന്നാല്‍ 2011 മുതല്‍ സഹായവിതരണം ഓണ്‍ലൈന്‍ വഴിയാക്കിയതോടെയാണ് പണം കിട്ടാതായത്. പ്രസവിച്ച് ആറ് മാസത്തിനുള്ളില്‍ കൊടുക്കേണ്ട ധനസഹായം കുട്ടികള്‍ക്ക് രണ്ടുംമൂന്നും വയസായിട്ടും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. വടക്കഞ്ചേരി പഞ്ചായത്തില്‍മാത്രം ഇത്തരത്തില്‍ ആയിരത്തോളം സ്ത്രീകള്‍ക്ക് ധനസഹായം ലഭിക്കാനുണ്ട്. മറ്റു പഞ്ചായത്തുകളിലും ഇതുതന്നെയാണ് സ്ഥിതി.