Connect with us

Palakkad

അപകടമുന്നറിയിപ്പില്ല; സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു

Published

|

Last Updated

പാലക്കാട്: അപകടമുന്നറിയിപ്പ് സംവിധാനങ്ങളില്ല. സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു.
മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയില്‍ പള്ളിക്കാട് മുതല്‍ ചിറ്റിലഞ്ചേരി ജപമാല റാണി പളളി വരെയുള്ള ആറു കിലോമീറ്റര്‍ ദൂരത്തിലാണ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാതിരിക്കുന്നത്.
ഈ മാസം മാത്രം ചെറുതും വലുതുമായി ഒന്‍പതോളം അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ രണ്ടു പേരുടെ ജീവന്‍ പൊലിയുകയും ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയായിട്ടുണ്ട്.
കഴിഞ്ഞ മാസവും ഉണ്ടായ അപകടങ്ങളില്‍ ഒരാള്‍ മരിച്ചിരുന്നു. വളവുകളിലും അപകട മേഖലകളിലും മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഈ ആവശ്യം ചെവിക്കൊണ്ടിട്ടില്ല. പഴനി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും തൃശൂര്‍, എറണാകുളം, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കായും തിരിച്ചും നിരവധി തീര്‍ത്ഥാടകരും ചരക്ക് ലോറികളും ഈ വഴിയാണ് സഞ്ചരിക്കുന്നത്.
പാതയുടെ പുനരുദ്ധാരണം കഴിഞ്ഞതോടെ വാഹനങ്ങള്‍ അമിത വേഗത്തിലാണ് സഞ്ചാരം. സംസ്ഥാന പാതയില്‍ ചിറ്റിലഞ്ചേരി മേഖലയില്‍ മാത്രം 15 ല്‍പരം വളവുകളാണുള്ളത്. കല്ലത്താണിയില്‍ ബസ് സ്‌റ്റോപ്പിന് സമീപമുള്ള വളവില്‍ സ്പീഡ് ബ്രേക്കറോ മുന്നറിയിപ്പ് സംവിധാനമോ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിന് സമീപത്തെ ഉമ്മറിന്റെ വീടിന്റെ മതിലില്‍ നാലു തവണയാണ് വാഹനങ്ങള്‍ ഇടിച്ചിരിക്കുന്നത്.
അതും എതിര്‍ഭാഗത്തു കൂടി വരുന്ന വാഹനങ്ങളാണ് ദിശമാറി മതിലില്‍ ഇടിക്കുന്നത്. പെട്ടെന്നുള്ള വളവില്‍ വാഹനം നിയന്ത്രണം വിടുന്നതാണ് അപകടങ്ങള്‍ സ്ഥിരമാകുന്നത്.

Latest