Connect with us

Kasargod

രജനി വധം; കൂട്ടുപ്രതികളെ തിരിച്ചറിയാന്‍ ശാസ്ത്രീയ അന്വേഷണം

Published

|

Last Updated

നീലേശ്വരം: ചെറുവത്തൂര്‍ മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിലെ ജീവനക്കാരിയായിരുന്ന ഒളവറ മാവിലങ്ങാട് കോളനിയിലെ രജനിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ നീലേശ്വരം കണിച്ചിറയിലെ സതീശന്‍, തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന സ്ഥാപന ഉടമ വടകര സ്വദേശി ബെന്നി എന്നിവര്‍ക്കു പുറമെ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നറിയാന്‍ പോലീസ് ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം ആരംഭിച്ചു.
നീലേശ്വരം സി ഐ. യു പ്രേമന്റെ നേതൃത്വത്തിലാണ് മറ്റൊരു രീതിയിലൂടെ തുടര്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സതീശനും ബെന്നിയും ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. രജനിയുടെ മൃതദേഹം കുഴിച്ചുമൂടുന്നതിന് സഹായിച്ചതുള്‍പ്പെടെ തെളിവുകള്‍ നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുവെക്കാനും കൂട്ടുനിന്നവര്‍ ഇനിയുമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രജനിയെ കാണാതായ സെപ്തംബര്‍ ഒമ്പത് മുതല്‍ കൊലപാതകം നടന്ന 12 വരെയും അതിനുശേഷവും സതീശന്‍ നടത്തിയ ഫോണ്‍കോള്‍ ബന്ധങ്ങള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. സതീശന്‍ ഫോണില്‍ ബന്ധപ്പെട്ട വ്യക്തികളുടെ വിശദമായ വിവരങ്ങള്‍ പോലീസ് ശേഖരിക്കും. സ്ഥാപനത്തില്‍ നിന്ന് രജനിയുടെ മൃതദേഹം പുറത്തേക്ക് കൊണ്ടുപോകാന്‍ സഹായിച്ചതിന്റെ പേരിലാണ് ബെന്നിയെ പോലീസ് കേസില്‍ പ്രതിചേര്‍ത്തത്.