ജഡ്ജിക്കെതിരെ വ്യാജ പരാതി ; ദല്ലാള്‍ നന്ദകുമാറിനെതിരെ സി ബി ഐ അന്വേഷം തുടങ്ങി

Posted on: November 4, 2014 12:20 am | Last updated: November 3, 2014 at 11:20 pm

തിരുവനന്തപുരം: ജഡ്ജിക്കെതിരായി വ്യാജ പരാതി അയച്ചെന്ന കേസില്‍ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ സി ബി ഐ അന്വേഷണം തുടങ്ങി. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ കോടതിയില്‍ സി ബി ഐ ഇയാളെ പ്രതിയാക്കി റജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തില്‍ അന്വേഷണം തുടങ്ങിയത്. സി ബി ഐ ഡല്‍ഹി യൂണിറ്റ് ഡിവൈഎസ്പി റിച്ച്പാല്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഹൈക്കോടതി ജഡ്ജി സി കെ അബ്ദുല്‍ റഹീം ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട സമയത്ത് അദ്ദേഹത്തിനു ദാവൂദ് ഇബ്‌റാഹിമുമായി ബന്ധമുണ്ടെന്നു ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ പേരില്‍ വ്യാജ പരാതി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അയച്ചെന്നാണു കേസ്. കഴിഞ്ഞ ജൂണിലാണു സി ബി ഐ കേസ് എടുത്തത്. കേസിലെ വാദി ജോമോന്റെ മൊഴി ഞായറാഴ്ച സി ബി ഐ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി. കേസിലെ മറ്റു സാക്ഷികളുടെ മൊഴി തിരുവനന്തപുരത്തു രേഖപ്പെടുത്തും. ആദ്യം ഈ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് എസ്പി അലക്‌സ് കെ ജോണില്‍ നിന്നു സി ബി ഐ നേരത്തെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വാങ്ങിയിരുന്നു.