ബാംഗ്ലാദേശില്‍ ഒരു ജമാഅത്ത് നേതാവിന് കൂടി വധശിക്ഷ

Posted on: November 4, 2014 6:01 am | Last updated: November 3, 2014 at 10:55 pm

kamaruzzamaധാക്ക: ബംഗ്ലാദേശ് സ്വാതന്ത്യ സമരത്തിനിടെ നടന്ന ക്രൂരതകളുടെ പേരില്‍ ഒരു ജമാഅത്ത് നേതാവിന് കൂടി വധശിക്ഷ. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ഖമറുസ്സമാ(62)നെതിരെ യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വിധിച്ച വധശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്.
ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി കോടതി വധശിക്ഷ വിധിച്ചിരുന്നു. 1971ല്‍ പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെടാനായി നടന്ന യുദ്ധത്തിനിടെ ഖമറുസ്സമാനും സംഘവും പാക് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും നിരായുധരായ സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്തുവെന്നും വംശഹത്യക്ക് നേതൃത്വം നല്‍കിയെന്നും കഴിഞ്ഞ മെയില്‍ പ്രത്യേക യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു.
വധശിക്ഷ സുപ്രീം കോടതി ശരിവെച്ച് കഴിഞ്ഞാല്‍ 21 മുതല്‍ 28 ദിവസത്തിനകം ശിക്ഷ നടപ്പാക്കണമെന്നാണ് ബംഗ്ലാദേശിലെ ചട്ടം. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ ജയില്‍ അധികൃതര്‍ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഖമറുസ്സമാന് മുന്നില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. പുനപ്പരിശോധനാ ഹരജി നല്‍കി അദ്ദേഹത്തിന് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനാകും. എന്നാല്‍ ശിക്ഷ റദ്ദാക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പ്രസിഡന്റിന് ദയാഹരജി സമര്‍പ്പിക്കുക എന്നതാണ് മറ്റൊരു കാര്യം. ഇതിലും പ്രതീക്ഷക്ക് വലിയ സാധ്യതയില്ല.
മാധ്യമരംഗത്തെ പ്രമുഖനും ജമാഅത്ത് നേതാവുമായ മിര്‍ ഖ്വാസം അലിക്ക് ഞായറാഴ്ച വധശിക്ഷ വിധിച്ചിരുന്നു. ജമാഅത്തിന്റെ തലമുതിര്‍ന്ന നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിക്കും വധശിക്ഷ വിധിച്ചിരുന്നു. 2010ലാണ് പ്രധാനമന്ത്രി ശേഖ് ഹസീന യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. ഇതിനകം എട്ട് ജമാഅത്ത് നേതാക്കള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
അലിക്ക് വധശിക്ഷ വിധിച്ചതോടെ അക്രമാസക്തരായ ജമാഅത്തെ ഇസ്‌ലാമി ദേശീയ ബന്ദ് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാന നഗരി അടക്കം പ്രധാന നഗരങ്ങളിലെല്ലാം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഒന്‍പത് മാസം നീണ്ടു നിന്ന 1971ലെ യുദ്ധത്തിനിടെ പാക് സൈനികര്‍ ബംഗ്ലാദേശിലെ ജമാഅത്ത് അടക്കമുള്ള പാക് പക്ഷപാതികളുമായി ചേര്‍ന്ന് 30 ലക്ഷം പേരെ വധിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്.
രണ്ട് ലക്ഷം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്തു. 2010 മുതല്‍ പ്രത്യേക ട്രൈബ്യൂണല്‍ 12 പേര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ നടപടികള്‍ തുടര്‍ന്നത്. ഇതില്‍ മിക്കവരും ജമാഅത്തെ ഇസ്‌ലാമിക്കാരാണ്.