Connect with us

Ongoing News

ഒമ്പതാം ക്ലാസ്സുകാരിയുടെ വിവാഹം: അന്വേഷണം ആരംഭിച്ചു

Published

|

Last Updated

വാടാനപ്പള്ളി: ഒമ്പതാം ക്ലാസ്സുകാരിയെ നാല്‍പ്പതുകാരന്‍ വിവാഹം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ വിയ്യൂര്‍ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ആര്‍ ഡി ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടി അടുത്ത രണ്ട് മാസം ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സംരക്ഷണത്തിലാകും കഴിയുക. കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താനുള്ള നടപടികള്‍ ഇന്ന് നടക്കും. കാരമുക്ക് എസ് എന്‍ ജി എസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് 40കാരന് വിവാഹം ചെയ്തു കൊടുത്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നോഡല്‍ ഓഫീസറായ ജില്ലാ കലക്ടര്‍ എം എസ് ജയയാണ് പരാതി സംബന്ധിച്ച അന്വേഷണത്തില്‍ തീരുമാനമെടുക്കുക.
ഞായറാഴ്ചയാണ് ഇടശ്ശേരി ത്രിവേണിയില്‍ വിദ്യാര്‍ഥിനിയെ 40കാരനായ ആന പാപ്പാന് വിവാഹം ചെയ്തു നല്‍കിയതായ പരാതി വാടാനപ്പള്ളി പോലീസിന് ലഭിച്ചത്. അമ്മ വെള്ളാങ്കല്ലൂര്‍ വീട്ടില്‍ ഓമനയും രണ്ടാനച്ഛന്‍ രാജനും ചേര്‍ന്ന് കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായാണ് പരാതി.
പൊതു പ്രവര്‍ത്തകനായ പങ്കജാക്ഷന്‍ എന്നയാളാണ് പരാതി നല്‍കിയത്. കളാംപറമ്പിലെ കുടുംബക്ഷേത്രത്തില്‍ വെച്ച് രഹസ്യമായി തുളസി മാല ചാര്‍ത്തിയായിരുന്നു വിവാഹമെന്നും പരാതിയില്‍ പറയുന്നു. രണ്ടാനച്ഛന്റെ സുഹൃത്തും പാമ്പൂര്‍ സ്വദേശിയുമാണെന്നു പറയുന്ന രാജന്‍ എന്നയാള്‍ക്കാണ് വിവാഹം കഴിച്ചു കൊടുത്തത്. ഇതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുത്തതിനെ കുറിച്ച് വലപ്പാട് സി ഐ. ആര്‍ രതീഷിന്റെ നേതൃത്വത്തില്‍ പോലീസ് പ്രാഥമികാന്വേഷണം തുടങ്ങി.

 

---- facebook comment plugin here -----

Latest