ജലനിരപ്പ് 137 അടി പിന്നിട്ടു; മേല്‍നോട്ട സമിതി ഇന്നു മുല്ലപ്പെരിയാറില്‍

Posted on: November 3, 2014 10:08 am | Last updated: November 3, 2014 at 11:38 pm

mullapperiyarകുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മേല്‍നോട്ട സമിതിയോഗം ഇന്ന് കുമളിയില്‍ ചേരും. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയിലേക്ക് ഉയര്‍ത്താമെന്ന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട് ഷട്ടറുകള്‍ താഴ്ത്തിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതിനിടെ ഷട്ടറില്‍ തകരാറും ചോര്‍ച്ചയും ശ്രദ്ധയില്‍പ്പെട്ടത് ആശങ്കയ്ക്കിടയാക്കി. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് അണക്കെട്ടില്‍ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 456 ഘനയടിയില്‍ നിന്നും 1756 ആയി ഉയര്‍ത്തി.
ഷട്ടറുകളുടെ തകരാര്‍ പരിഹരിക്കാന്‍ തമിഴ്‌നാട് ഉടന്‍ നടപ്പടിയെടുക്കണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെടും. മൂന്നംഗ മേല്‍നോട്ട സമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരിക്കും കുമളിയില്‍ യോഗം ചേരുക.