ചൈനീസ് സേന അതിര്‍ത്തി ലംഘിച്ചു

Posted on: November 3, 2014 5:14 am | Last updated: November 2, 2014 at 11:15 pm

CHINAന്യൂഡല്‍ഹി: ഒരേ സമയം ഇന്ത്യന്‍ ജലാതിര്‍ത്തിയും കരാതിര്‍ത്തിയും ചൈനീസ് സേന ലംഘിച്ചു. പാംഗോംഗ് തടാകത്തിലും കരപ്രദേശത്തുമാണ് ചൈനീസ് സേന അതിര്‍ത്തി ലംഘിച്ചത്. ലഡാക്കിലെ പര്‍വത താഴ്‌വാരത്തിലെ പാംഗോംഗ് തടാകത്തില്‍ ഒക്‌ടോബര്‍ 22നാണ് അതിര്‍ത്തി കടന്നെത്തിയതെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കി. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ഫോഴ്‌സ് കര പ്രദേശത്തെ അഞ്ച് കിലോമീറ്റര്‍ ഉള്ളിലേക്ക് പ്രവേശിച്ചു. റോഡ് മാര്‍ഗം വടക്ക് ഭാഗത്തുള്ള ഇന്ത്യന്‍ നിയന്ത്രണ പ്രദേശത്തേക്കാണ് സൈനികര്‍ നീങ്ങിയത്. ഇത് ശ്രദ്ധയില്‍ പെട്ട ഐ ടി ബി പി സേന ഉടന്‍ ഇടപെടുകയും ചൈനീസ് സേനയെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ തടഞ്ഞുവെക്കുകയും ചെയ്തു.
പര്‍വതത്തിലൂടെ റോഡ് മാര്‍ഗം നിയന്ത്രണ രേഖയില്‍ പ്രവേശിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതിനെ തുടര്‍ന്ന് ഇരുവരും സര്‍വ സജ്ജരായി മുഖാമുഖം നിന്നു. തുടര്‍ന്ന് ചൈനീസ് സേന പിന്‍വാങ്ങുകയായിരുന്നു. അതിര്‍ത്തിയിലെ നിര്‍ണായക മേഖലയായ ഫിംഗര്‍ ഫോറിലും ഇവര്‍ പ്രവേശിച്ചെങ്കിലും സേന തടഞ്ഞു.