ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവകാശമുണ്ട്: കേന്ദ്രം

Posted on: November 2, 2014 12:32 am | Last updated: November 2, 2014 at 10:32 am

indochinaന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതില്‍ നിന്ന് ആര്‍ക്കും രാജ്യത്തെ തടയാനാകില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. കഴിഞ്ഞ അറുപത് വര്‍ഷമായി നടപ്പാക്കാത്ത അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. ചൈനക്കാര്‍ക്ക് തന്റെ പ്രസ്താവന കൊണ്ട് പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ല. ജോലിയില്‍ നിന്ന് ആര്‍ക്കും തന്നെ തടയാനാകില്ലെന്നും റിജിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ താവാംഗിലുള്ള മാംഗോതിംഗ്ബുവില്‍ നിന്ന് ചലാംഗ് ജില്ലയിലുള്ള വിജയനഗറിലേക്ക് റോഡ് നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ ചൈന രൂക്ഷമായി എതിര്‍ക്കുകയും ചെയ്തു. ഇന്ത്യ- ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ മേഖലയെപ്പറ്റി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ, സ്ഥിതി വഷളാക്കുന്ന പദ്ധതികളൊന്നും ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. താന്‍ സര്‍ക്കാറിന്റെ പദ്ധതികളനുസരിച്ച് അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അത് ചൈനയുടെ അധീനതയിലുള്ള പ്രദേശത്തല്ലെന്നും റിജിജു പറഞ്ഞു. താന്‍ അരുണാചലില്‍ നിന്നുള്ള എം പിയാണെന്നും തങ്ങളുടെ പ്രദേശത്ത് എന്തും ചെയ്യാനുള്ള അവകാശം തനിക്കുണ്ടെന്നും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും റിജിജു വ്യക്തമാക്കി.