ഭൂമി ഏറ്റെടുക്കല്‍: പുതിയ ചട്ടങ്ങള്‍ തയ്യാറാക്കുന്നതിന് സത്വര നടപടി

Posted on: November 1, 2014 5:35 am | Last updated: November 1, 2014 at 9:46 am

തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പുതിയ ചട്ടം തയ്യാറാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, ലോ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചട്ടം തയ്യാറാക്കാനുള്ള നിര്‍ദേശങ്ങള്‍ റവന്യൂവകുപ്പ് നേരത്തെ ലോ സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്നാല്‍, വിട്ടുപോയ ചില നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തും പരാതികള്‍ പരിഗണിച്ചും 2015 ജനുവരി ഒന്നിന് മുമ്പ് ചട്ടം തയ്യാറാക്കി പ്രഖ്യാപിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതില്‍ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ചില മാറ്റങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇപ്രകാരം മുന്നോട്ടുപോകുമ്പോള്‍ ഭൂമി വില നിശ്ചയിച്ചിട്ടുള്ളതില്‍ എന്തെങ്കിലും വ്യത്യാസം വരുന്നുണ്ടെങ്കില്‍ അതുകൂടി പരിഹരിക്കാനാണ് ചട്ടം തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പട്ടയവിതരണ നടപടി ത്വരിതപ്പെടുത്താനായി അര്‍ഹരുടെ വാര്‍ഷികവരുമാനത്തിന്റെ നിലവിലെ പരിധിയില്‍ മാറ്റംവരുത്തി ഒരു ലക്ഷമാക്കി നിശ്ചയിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഈ മാസം മൂന്നിന് ഇടുക്കിയില്‍ 2000ഓളം പേര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ കെ എം മാണി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ വരുന്നതിനും മുതല്‍മുടക്ക് ലഭ്യമാകുന്നതിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പൊതുവായ ചില തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി. ഈ തീരുമാനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, റവന്യൂ, ലോ, വ്യവസായ സെക്രട്ടറിമാര്‍, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ എന്നിവരുടെ സമിതിയെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കുള്ളില്‍ ഈ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണം. നിക്ഷേപകര്‍ക്ക് നേരിടേണ്ടിവരുന്ന നിയമതടസ്സങ്ങള്‍ മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും സമിതിയെ ചുമതലപ്പെടുത്തി.
തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം മുതല്‍മുടക്കും ഉണ്ടാകുമ്പോള്‍ ആധുനിക കാലഘട്ടത്തിന് അനുസൃതമായ നിലവാരവും വിവിധതലങ്ങളില്‍ എത്തിക്കേണ്ടതുണ്ട്. ഇതിനു തയ്യാറായി മുന്നോട്ടുവരുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്തെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണമെന്ന് സമിതി നിര്‍ദേശിച്ചാല്‍ പരിശോധിക്കും. വ്യവസായ വകുപ്പില്‍ നിന്ന് കിന്‍ഫ്രക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇതിലൂടെ തടസ്സങ്ങളൊഴിവാക്കി കിന്‍ഫ്രക്ക് കൂടുതല്‍ പ്രവര്‍ത്തനം നടത്താനുള്ള അവസരമൊരുക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന്‍, കെ സി ജോസഫ്, മഞ്ഞളാംകുഴി അലി യോഗത്തില്‍ സംബന്ധിച്ചു.