Connect with us

National

57 ദിവസത്തെ ജയില്‍വാസം; സുബ്രതോ റോയിക്ക് ചെലവാക്കിയത് 31 ലക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന്റെ ഉടമ സുബ്രതോ റോയിക്ക് തിഹാര്‍ ജയിലിനകത്ത് 57 ദിവസം ആര്‍ഭാടമായി കഴിയാന്‍ വന്ന ചെലവ് 31 ലക്ഷം രൂപ. എ സി, ഇന്റര്‍നെറ്റ്, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ക്കാണ് ഇത്രയും ചെലവ് വന്നത്.
പതിനായിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് അനധികൃതമായി കോടികള്‍ സമാഹരിച്ച കേസിലാണ് സുബ്രതോ ജയിലിലായത്. സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുപോലും അനധികൃത നിക്ഷേപം ആളുകള്‍ക്ക് തിരിച്ചുനല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ജാമ്യത്തിലിറങ്ങാനും നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാനും 10,000 കോടി രൂപ സമാഹരിക്കാനുമായി തന്റെ ഹോട്ടലുകള്‍ വില്‍ക്കാന്‍ കൂടിയാലോചനകള്‍ക്കും ജയിലിലെ കോണ്‍ഫറന്‍സ് ഹാള്‍ മോടി കൂട്ടാനും, സുരക്ഷാ സംവിധാനം ഒരുക്കാനും ഭക്ഷണത്തിനും മറ്റുമായാണ് 65 കാരനായ റോയിക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചത്. ഒപ്പം സഹാറയുടെ രണ്ട് ഡയറക്ടര്‍മാരായ അശോക് റോയി ചൗധരി, രവി ശങ്കര്‍ ദുബെ എന്നിവരും ജയിലില്‍ ഈ സുഖസൗകര്യങ്ങളെല്ലാം അനുഭവിച്ചാണ് കഴിഞ്ഞത്. ആഗസ്റ്റ് അഞ്ച് മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഈ സൗകര്യങ്ങള്‍ ഉപയോഗിച്ചത്. തന്റെ സ്വത്തുക്കള്‍ വില്‍പ്പന നടത്താനുള്ള ശ്രമങ്ങള്‍ ഏറെ പുരോഗമിച്ച് വരുന്നതായി ജയിലധികൃതരെ അറിയിച്ച റോയി, കുറച്ച് ദിവസം കൂടി ഈ ആര്‍ഭാടങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് റോയിയെ ജയിലിലടച്ചത്.

Latest