Connect with us

Gulf

'38 ശതമാനം ജോലിക്കാരും തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് ഭയക്കുന്നു'

Published

|

Last Updated

ദുബൈ: രാജ്യത്ത് ജോലി ചെയ്യുന്നവരില്‍ 38 ശതമാനവും തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭയവുമായാണ് ജീവിക്കുന്നതെന്ന് സര്‍വേ. ജോലി സ്ഥിരത കുറയുന്നതാണ് ഇത്തരം ഒരു ഭയത്തിന് അടിസ്ഥാനം. സാമ്പത്തിക മാന്ദ്യം ബാധിച്ച കാലത്താണ് ഇത്തരം ഒരു ഭയം ആളുകളില്‍ വര്‍ധിക്കാന്‍ ആരംഭിച്ചത്. നിലവില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെങ്കിലും ജോലിയുടെ കാര്യത്തില്‍ ആശ്വസിക്കാന്‍ വകയായിട്ടില്ലെന്നാണ് മിക്കവരും പ്രതികരിച്ചത്. നീല്‍സണ്‍ ഗ്ലോബലിന്റെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ആന്‍ഡ് സ്‌പെന്റിംഗ് ഇന്റന്‍ഷന്‍സ് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പ്രവാസികളായി കഴിയുന്നവരില്‍ 20 ശതമാനത്തോളം നാട്ടിലുള്ള ബന്ധുക്കളെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ്. പുതിയ സര്‍വേയില്‍ ഇത്തരക്കാരുടെ എണ്ണം 19 ശതമാനത്തില്‍ നിന്നു ഒരു ശതമാനം ഉയര്‍ന്നാണ് 20ല്‍ എത്തിയിരിക്കുന്നത്.
തൊഴില്‍പരമായ ഉത്കണ്ഠ ആളുകള്‍ക്കിടയില്‍ വര്‍ധിച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ ആളുകളുടെ ക്രയശേഷിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പലരും വളരെ ശ്രദ്ധയോടെയാണ് ഓരോ ദിര്‍ഹവും ചെലവിടുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സമ്പദ്‌വ്യവസ്ഥ ഉയര്‍ച്ചയിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയുള്ളതായി നീല്‍സണ്‍ അറേബ്യന്‍ പെനിന്‍സുല എം ഡി അര്‍സിയാന്‍ അശ്‌റഫ് വ്യക്തമാക്കി. പണപ്പെരുപ്പം വര്‍ധിക്കുന്നതും ആളുകള്‍ക്കിടയില്‍ ആശങ്കക്ക് ഇടനല്‍കുന്നുണ്ട്. പ്രധാനമായും വാടകയാണ് കുത്തനെ ഉയരുന്നതായി താമസക്കാര്‍ പരാതിപ്പെടുന്നത്. വാടക അനിയന്ത്രിതമായി ഉയരുന്നത് നിമിത്തം കുടുംബ ബജറ്റ് താളംതെറ്റുന്ന സ്ഥിതിയാണ് കാണുന്നത്. മേഖലയില്‍ ഏറ്റവും ഉയര്‍ന്ന ഉപഭോക്തൃ സൂചിക പ്രകടമാക്കുന്ന രാജ്യം യു എ ഇയാണെന്നും അദ്ദേഹം പറഞ്ഞു.

Latest