Connect with us

Malappuram

ലീഗിനുള്ളില്‍ കലഹം: കോട്ടക്കല്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ രാജിവെച്ചു

Published

|

Last Updated

കോട്ടക്കല്‍: നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ മുസ്‌ലിംലീഗ് അംഗമായ കെ കെ നാസര്‍ രാജിവെച്ചു. കാലങ്ങളായി ലീഗിനുള്ളില്‍ പുകഞ്ഞ് കൊണ്ടിരിക്കുന്ന പ്രശ്‌നം, കഴിഞ്ഞ ദിവസം വീണ്ടും തല പൊക്കുകയും ജില്ലാ നേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് കെ കെ നാസര്‍ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചതും രാജി നല്‍കിയതും. മുനിസിപ്പല്‍ മുസ്്‌ലിം ലീഗില്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളുടെ പശ്ചാതലത്തില്‍ അതൃപ്തരായ കൗണ്‍സിലര്‍മാര്‍ ഇന്നലെ അനൗദ്യോഗിക യോഗം ചേര്‍ന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാനിരിക്കെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെകൊണ്ട് രാജിവെപ്പിക്കാനിടയാക്കിയ സംഭവമാണ് ചര്‍ച്ച ചെയ്തത്.
വാര്‍ഡ് കമ്മിറ്റികളിലും ഒരു വിഭാഗം വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കിടയിലും ശക്തമായ സ്വാധീനമുള്ള നാസറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലും നടപടി സ്വീകരിക്കുന്നതിലും അതൃപ്തി പുകയുന്നുണ്ട്. വൈസ് ചെയര്‍മാനെ നോക്കുകുത്തിയാക്കി നഗരസഭയിലെ കാര്യങ്ങള്‍ ഇദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ടെന്ന ആരോപണമുന്നയിച്ചാണ് പ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് വന്നത്. ഒരുവര്‍ഷം മുമ്പ് ചെയര്‍പേഴ്‌സന്‍മാരുടെ മാറ്റമുണ്ടായ അവസരത്തിലും ഇദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു.
ജില്ലാ നേതൃത്വം ഇടപെട്ട് താത്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും നഗരസഭ സെക്രട്ടറിയുടെ സ്ഥലമാറ്റവും സുപ്രണ്ടിന് താത്കാലിക ചുമതല നല്‍കുകയും ചെയ്‌യതോടെ വീണ്ടും പ്രശ്‌നം ഉടലെടുത്തു. വൈസ് ചെയര്‍മാന്‍ വീണ്ടും രാജി ഭീഷണി മുഴക്കിയ പശ്ചാതലത്തില്‍ ഇന്നലെ ചേര്‍ന്ന മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് കമ്മിറ്റി യോഗത്തിലാണ് കെ കെ നാസര്‍ രാജി സന്നദ്ധത അറിയിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഒഴിയാനും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഇദ്ദേഹത്തിന് തന്നെ തൃപ്തനായ ഒരാളിന് താത്കാലിക ചുമതല നല്‍കാനുമാണ് തീരുമാനമായത്. ഇതടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റായ മുതുവാടന്‍ മമ്മി ഹാജിക്കാണ് ചുമതല നല്‍കിയത്. നാസറിന്റെകൂടി അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നാണ് പാര്‍ട്ടി വിശദീകരണം. പാര്‍ട്ടിക്കുള്ളിലെ പ്രശനം പുറത്തറിയുന്ന തരത്തില്‍ എത്തിപ്പെട്ടതില്‍ മുസ്്‌ലിം ലീഗിലെ നല്ലൊരു വിഭാഗത്തിനും അതൃപ്തിയുണ്ട്. രാജിയിലേക്ക് എത്തിക്കേണ്ടതില്ലായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതെ സമയം നാല്മാസമായി കൗണ്‍സില്‍ യോഗത്തില്‍ ലീവായിരുന്ന നാസര്‍ തുടര്‍ന്നും ലീവ് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ തന്നെ അഭിപ്രായം മാനിച്ചാണ് പാര്‍ട്ടി നിലപാടെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. നാസറിന് പകരക്കാരനെ പിന്നീട് തിരഞ്ഞെടുക്കും. പാര്‍ട്ടി സ്ഥാനവും ചെയര്‍മാന്‍ പദവിയും ഒന്നിച്ചു കൊണ്ട് പോകുന്നതിലെ പ്രയാസം അറിയിച്ചതിനെ തുടര്‍ന്നാണ് രാജിക്ക് അനുവാദം നല്‍കിയതെന്ന് സെക്രട്ടറി പി മൊയ്തീന്‍ ഹാജി പറഞ്ഞു. പാണക്കാട് തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്നും ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുമെന്നും കെ കെ നാസര്‍ പ്രതികരിച്ചു. നഗരസഭയുടെ പാപ്പായി വാര്‍ഡ് പ്രധിനിധിയായ ഇദ്ദേഹം നിലവില്‍ മുനിസിപ്പല്‍ ലീഗ് പ്രസിഡന്റുകൂടിയാണ്.