Connect with us

International

ഇസില്‍ സര്‍ക്കാര്‍ അനുകൂലികളായ 30 പേരെ വധിച്ചു

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ ശക്തമായ ഏറ്റുമുട്ടലിലൂടെ ഇസില്‍ തീവ്രവാദികള്‍ 30 സര്‍ക്കാര്‍ അനുകൂലികളെ കൊലപ്പെടുത്തി. ഗ്യാസ് പാടത്താണ് ആക്രമണം അരങ്ങേറിയതെന്ന് സിറിയന്‍ നിരീക്ഷക സംഘം മാധ്യമങ്ങളോട് പറഞ്ഞു. ശാഅര്‍ ഗ്യാസ് പ്രദേശം കഴിഞ്ഞ ജൂലൈയില്‍ 350 പേരെ കൊലപ്പെടുത്തി ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തിരുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നിരീക്ഷക സംഘം മാധ്യമങ്ങളോട് പറഞ്ഞു. ഹംസ് നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ഈ ഗ്യാസ് പാടങ്ങള്‍ സൈനികര്‍ അടുത്തിടെ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും ഗ്യാസ് പാടങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രവാദികളുടെ ശ്രമത്തിനിടെ നടന്ന ഏറ്റുമുട്ടലിലാണ് 30 പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് കിണറുകള്‍ തീവ്രവാദികള്‍ പിടിച്ചെടുത്തിട്ടുണ്ട്. കുറച്ചു മാസങ്ങളായി സിറിയയില്‍ ഏറ്റുമുട്ടല്‍ കുറവായിരുന്നു. എന്നാല്‍ തീവ്രവാദികള്‍ സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കങ്ങളെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം സിറിയയിലെ ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ നേതൃത്വത്തില്‍ വ്യോമാക്രമണം നടന്നിരുന്നു. സൈന്യവും തീവ്രവാദികളും തമ്മില്‍ സിറിയയില്‍ ശക്തമായ പോരാട്ടം വീണ്ടും ശക്തമാകുമെന്നാണ് തീവ്രവാദികളുടെ പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ സൈന്യത്തിനൊപ്പം ചേര്‍ന്നുള്ള ഒരു സൈനിക നടപടിക്ക് അമേരിക്ക തയ്യാറിയിട്ടില്ല. എന്നാല്‍ സിറിയന്‍ സൈന്യം രാജ്യത്തെ വിമത ശക്തികളായ അല്‍ഖാഇദ, അല്‍ നുസ്‌റ തുടങ്ങിയ തീവ്രവാദ സംഘങ്ങളെ നേരിടുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സിറിയയില്‍ ആഭ്യന്തര യുദ്ധത്തില്‍ രണ്ട് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest